Saturday, July 30, 2011

രാമൻ-പരശുരാമൻ

ആത്യന്തിക ദു:ഖനിവർത്തിക്കും പരമസുഖപ്രാപ്തിക്കുമുള്ള നെട്ടോട്ടത്തിലാണു എല്ലാ ജീവനും. പക്ഷെ ചുരുക്കം പേരെ ലക്ഷ്യത്തിൽ എത്താറുള്ളു. എന്താണ് അതിനുള്ള കാരണം? രാമനേപ്പോലെ എല്ലാ ജീവനും താടകയെ വധിക്കുകയോ സുബാഹുമാരീചന്മാരെ യമിക്കുകയോ, യാഗരക്ഷ ചെയ്യുകയോ, അഹല്യക്ക് മോക്ഷം കൊടുക്കുകയോ ചെയ്യാറില്ല. വിധിപ്രകാരമുള്ള പഠനം കഴിഞ്ഞ്, പാഠങ്ങൾ മനനം ചെയ്ത്, അതിന്റെ ബലത്തിൽ കാമമടക്കി, സുഖദു:ഖങ്ങളെ സമഭാവനയോടെ കണ്ട് നിർഷ്കാമകർമ്മം അനുഷ്ടിക്കുമ്പോൾ കുണ്ഡലിനി ഉണരും. അതു കഴിഞ്ഞാൽ പ്രണവോപാസന ആരംഭിക്കാം. അപ്പോൾ ബ്രഹ്മവിദ്യ സായത്തമാകുന്നു. ബ്രഹ്മവിദ്യ കരഗതമായാൽ ഉടൻ 
                              
                               ഞാനൊഴിഞ്ഞുണ്ടോ രാമനിത്രിഭുനത്തിങ്കൽ?

എന്നു ചോദിച്ചു കൊണ്ട് ഒരു പരശുരാമൻ പ്രത്യക്ഷപ്പെട്ട് വഴിമുടക്കി നിൽക്കുന്നതു കാണാം. സാത്വികമായ അഹങ്കാരമാണത്. അതു വന്നതോ അവനവനിൽ നിന്നും. ജീവൻ ബ്രഹ്മവിദ്യയെ പ്രാപിച്ചെങ്കിലും അത് വ്യാവഹാരിക തലത്തിലേ ആയിട്ടുള്ളു. അതു കൊണ്ടാണു രാമനു, പരശുരാമ രൂപത്തിൽ അഹങ്കാരമുണ്ടായത്. താൻ ‘ജ്ഞാനി‘യാണെന്ന ഒരു ബോധം സാധന പൂർണ്ണമാകുമ്പോൾ മിക്ക സാധകരിലും രൂപമെടുക്കാറുണ്ട്. അതാണു പരശുരാമരൂപത്തിൽ ഇവിടെ സൂചിപിച്ചിരിക്കുന്നത്. വളരെ സൂക്ഷിച്ചു വേണം അത്തരം അഹങ്കാരങ്ങളെ കീഴടക്കേണ്ടത്.

രാമനിൽ തന്നെയുള്ള രാമനാണ് പരശുരാമൻ. നമ്മുടെ ഉള്ളിലേക്ക് നോക്കിയാൽ ഇത്തരം അനേകമനേകം പ്രതിദ്വന്ദികളെ കണ്ടെത്താം. ഇവരെ നാം തന്നെ സൃഷ്ടിക്കുന്നതാണു. ഓരോജീവനും അവനിൽ തന്നെയുള്ള മാനസികഭാവം കൊണ്ട് അവനെ നേരിടുന്ന ഒരു ശത്രുവിനെ സംജാതമാക്കുന്നുണ്ട്. അതിനു കീഴടങ്ങുന്നവരുടെ ജീവിതം അമ്പേ തകർന്നു പോകുന്നു. വിവേകമുള്ളവർ അതിനെ അതിജീവിക്കും. ബാഹ്യശത്രുവിനേക്കാൾ ശക്തിയുള്ളവനായിരിക്കും ആന്തരിക ശത്രു എന്നു മറക്കരുത്. ആന്തരിക ശത്രുവിനെ ഏറ്റവും ഊഷ്മളമായി വേണം കൈകാര്യം ചെയ്യേണ്ടത്:

                                 “ചൊല്ലെഴും മഹാനുഭാവന്മാരാം പ്രൌഡാത്മാക്കൾ
                                  വല്ലാതെ ബാലന്മാരോടിങ്ങനെ തുടങ്ങിയാൽ“

എന്നാണു രാമൻ ആരംഭിക്കുന്നത്. അങ്ങനെ തന്നെ വേണം താനും. ബ്രഹ്മവിദ്യ ലഭിച്ചിട്ടും ദേഹബോധം നിമിത്തം ഉണ്ടായ അഹങ്കാരത്തോടാണു ഏറ്റുമുട്ടുന്നത്. അത്തരം പോരുകൾക്ക് ശക്തികൂടും എന്നോർത്തിരിക്കുക. പണ്ടുള്ള ആളുകൾക്ക് ഇത് നന്നായി അറിയാമായിരുന്നു. അതു കൊണ്ട് തപസ്വികളായ ആളുകൾക്ക് മുന്നിൽ കുട്ടികളെ അയക്കാറില്ല. ഒരു സന്യാസിയോ, വൈദ്യനോ, പണ്ഡിതനോ കടന്നു വന്നാൽ കുട്ടികൾ മുറ്റത്തു കളിച്ചു കൊണ്ട് നിൽക്കുകയാണെങ്കിൽ “അകത്തു പോ....” എന്നു പറഞ്ഞ് ഓടിച്ചു വിടും. ബഹുമാനം കൊണ്ടാണെന്നു ഈ ജ്ഞാനികൾ വിചാരിക്കും. കുട്ടികൾക്ക് രാമനെപ്പോലെ പറയാനറിയില്ലല്ലോ. അവരെന്തെങ്കിലും പറഞ്ഞ് ജ്ഞാനിക്ക് ഇഷ്ടമാകാതെ പോയാൽ അവർ വാക്കുകൾ കൊണ്ടോ ഭാവങ്ങൾ കൊണ്ടോ കുഞ്ഞുങ്ങളൂടെ മനസിനേ തകർത്തു കളഞ്ഞാലോ എന്നു ഭയന്നാണവരെ അകത്തേക്കോടിക്കുന്നത്. ഇന്ന് അതാണോ സ്ഥിതി. പാദനമസ്കാരത്തിനും, എഴുത്തിനിരുത്താനും, ജാതകം നോക്കാനും കുട്ടികളേയും കൊണ്ട് നേരിട്ട് ചെല്ലുകയല്ലെ? തങ്ങൾ സമീപിക്കുന്നവരുടെ നിലവാരമെന്താണെന്നു ആരും വിലയിരുത്താറില്ല. അതുകൊണ്ട് വളരെയധികം ദൂഷ്യങ്ങൾ സമൂഹത്തിൽ ഉണ്ടാകുന്നുമുണ്ട്.

സാത്വികാഹങ്കാരവും ബ്രഹ്മോന്മുഖനായ ജീവനും തമ്മിൽ ഏറ്റുമുട്ടുന്നു. പരശുരാമഭാവത്തിലുള്ള രാമനും ശ്രീരാമചന്ദ്രഭാവത്തിലുള്ള രാമനും. സാത്വികാഹങ്കാരത്തേയും ജയിച്ചു കഴിയുമ്പോൾ ജീവൻ അയോദ്ധ്യയിലേക്ക് പ്രവേശിക്കുന്നു. അയോദ്ധ്യ എന്നാൽ യുദ്ധമില്ലാത്ത ഇടം എന്നാണു അർത്ഥം. സർവ്വയുദ്ധങ്ങളുമടങ്ങി സ്ഥിതപ്രജ്ഞാവസ്ഥയെ പ്രാപിക്കുന്ന സ്ഥലമാണു അയോദ്ധ്യ. അയോദ്ധ്യയിൽ ജനിച്ച് (വ്യവഹാരാവസ്ഥയിൽ), അറിവ് സമ്പാദിച്ച്, തപസുചെയ്ത് ബ്രഹ്മവിദ്യയെ നേടി, സാത്വികാഹങ്കാരമടക്കി വീണ്ടും അയോദ്ധ്യയിൽ എത്തിയിരിക്കുകയാണു ജീവൻ. അവിടെ തുടരാൻ ജീവനു ആഗ്രഹമുണ്ടെങ്കിലും അതിനുള്ള പക്വതയായിട്ടില്ല. പരോക്ഷമാ‍യ ജ്ഞാനത്തെ അപരോക്ഷാനുഭൂതിയിലേക്ക വളർത്തിയാൽ മാത്രമേ സ്ഥിതപ്രജ്ഞാവസ്ഥയിൽ തുടരാനാവു. പക്ഷെ പ്രാ‍രബ്ധങ്ങളും വാസനകളും ജീവനെ കാത്തുനിൽ‌പ്പുണ്ട്. കുറേക്കാലം അവ ഒഴിഞ്ഞു നിന്നെങ്കിലും തീരെ വിട്ടുപോയിരുന്നില്ല. രാമൻ രാജ്യകാര്യങ്ങൾ നോക്കി കുറേക്കാലം പിതാവിനോടും, മാതാക്കളോടും സീതയോടും ഒപ്പം സുഖമായി വസിച്ചു. അപ്പോഴാണു ദശരഥൻ പട്ടാഭിഷേകത്തിനുള്ള തീരുമാനമെടുക്കുന്നത്.

ഉടൻ മന്ഥരയെത്തി. വാസനയാണു മന്ഥര. വാസന ചെന്നു ചേരുന്നതോ പ്രാരബ്ധത്തോടും. അതു കൊണ്ടാണു മന്ഥര കൈകേകിയുടെ തോഴിയാവുന്നത്. പ്രാരംബ്ധമാണു കൈകേകി.

പ്രാരബ്ധം തെളിയുകയും വാസന പ്രബലമാവുകയും ചെയ്തപ്പോൾ പ്രാജ്ഞ-തുരീയന്മാർ മറയ്ക്കപ്പെട്ടു. ഭരത ശത്രുഘ്നന്മാർ മാതുലന്റെ കൊട്ടാരത്തിലേക്ക് പോയി. പ്രാജ്ഞ-തുരീയന്മാരേയാണല്ലോ ഭരത ശത്രുഘ്നന്മാരെ കൊണ്ട് ഉദ്ദേശിക്കുന്നത്. രാമൻ തിരിച്ചെത്തി കുറേനാൾ കഴിഞ്ഞിട്ടാണവർ കേകയത്തിലേക്ക് പോകുന്നത്. സംസാരബന്ധം വളരുന്ന കാലയളവു കാണിക്കാനാണീങ്ങനെ പറഞിരിക്കുന്നത്. സംസാരബന്ധത്തിന്റെ ഫലം വാസനയുടെ വളർച്ചയാണു. കേകേയം എന്നാൽ കർമ്മപ്രേരിതമായ സ്ഥലം. കർമ്മത്തിന്റെ ഏറ്റവും കൂടിയ അവസ്ഥയുള്ള സ്ഥലമാണു കേകേയം. അതിന്റെ പ്രതിരൂപമാണു കൈകേകി. ഇപ്പോൾ ഏതാണ്ട് എല്ലാം പൂർണ്ണമായി. ബ്രഹ്മവിദ്യാസമേതനായ ജീവൻ പ്രാരബ്ധങ്ങളിൽ പെട്ട് വാസനകളാൽ പ്രേരിതനായി സ്ഥിതപ്രജ്ഞാവസ്ഥ വിട്ടുപോകാൻ തുടങ്ങുകയാണു. ഇനി കൂടുതൽ തപോബലം നേടിയെങ്കിലെ സ്വസ്ഥനായി ഇരിക്കാൻ കഴിയു. വിച്ഛിന്നാഭിഷേകം അതിനുള്ള നിമിത്തമാകുന്നത് തുടർന്നു കാണാം.

Friday, July 29, 2011

യാഗരക്ഷ

ശരീരം ജീവനെ അന്വേഷിക്കുകയും അത് കണ്ടെത്തുകയും ചെയ്തു. ആ ജീവനെ സത്സംഗത്തിലൂടെ പൂർണ്ണതയിലേക്കു ഉയർത്താൻ ഗുരുപാദത്തിലിരുന്നു പാഠം ചെയ്തു. പഠിച്ച പാഠങ്ങൾ സാധനയിലൂടെ ഉറപ്പിക്കാൻ ജീവൻ പുറപ്പെടുന്നു. അതിനായി കാരണഗുരുവന്നെത്തി. സാധനയ്ക്ക് ആദ്യം ആവശ്യമായിട്ടുള്ളത് മനസിന്റെ അടക്കമാണു. കാമത്തെ അടക്കുകയും അതിന്റെ സഹജസൃഷ്ടികളായ സുഖദു:ഖങ്ങളെ സമഭാവനയോടെ കാണാൻ ശീലിക്കുകയും വേണം. നിഷ്കാമ കർമ്മയോഗമാണു വിശ്വാമിത്രയാഗം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. അത് അനുഷ്ടിച്ചങ്കിലെ സാധകനു അടുത്ത പടിയിലേക്ക് കയറുവാൻ സാധിക്കു. നിഷ്കാമകർമ്മം അനുഷ്ഠിക്കണമെങ്കിൽ സകലവിധ സംഗത്തിൽ നിന്നും ഒഴിഞ്ഞു നിൽക്കണം. മമതയുണ്ടാകരുത്. എല്ലാത്തിനേയും സമഭാവനയോടെ കാണാൻ കഴിയണം. രാമൻ അതിൽ വിജയിക്കുന്നതാണു വിശ്വാമിത്രന്റെ യാഗരക്ഷ ചെയ്തു എന്നു പറയുന്നതിലൂടെ അർത്ഥമാക്കുന്നത്.

അടുത്ത പടി പ്രണവസാധനയാണു. അതിനു വിദേഹത്തിലേക്ക് പോകണം. ആ യാത്രയിലാണു കല്ലായികിടക്കുന്ന അഹല്യക്ക് മോക്ഷം ലഭിക്കുന്നത്. രാമനേ മാത്രം ഓർത്തു ശിലയായി കിടക്കുകയായിരുന്നു അഹല്യ. അത് രാമന്റെ തന്നെ കുണ്ഡലിനീശക്തിയാണു. ഈശ്വരഭാവം മാത്രമേ അതിനു ലക്ഷ്യമായുള്ളു. പക്ഷെ അതു ഉണർന്നിരുന്നില്ല. അല്ലെങ്കിൽ സംസാരബദ്ധനാകുക വഴി അത് മൂലാധാരത്തിൽ മറഞ്ഞ് കിടക്കുകയാണു. സംസാരത്തിന്റെ ഫലം പാപമാണെന്ന സൂചനയും ഇവിടെയുണ്ട്. അതുല്യ തപോധനനായ ഗൌതമ മഹർഷിയുടെ പത്നിയാണു അഹല്യ. എന്നിട്ടു കൂടി ഇന്ദ്രന്റെ വഞ്ചന തിരിച്ചറിയാൻ ആവാതെ മോഹിപ്പിക്കപ്പെട്ടു. ആ വ്യതിചലനത്തിനു ആയിരത്താണ്ടുകളുടെ തപസ്സു വേണ്ടി വന്നു മോചനം കിട്ടാൻ. നമ്മുടെ കുണ്ഡലിനി ശക്തിയും അങ്ങനെ പാപം കൊണ്ട് മൂലാധാരത്തിൽ അമർന്നു കിടക്കുകയാണു. ആ പാപത്തിന്റെ പുരുഷമുഖം ശാപരൂപത്തിൽ വേറെ നാം കാണുന്നുണ്ട്. സഹസ്രഭഗനാകുക എന്നതാണു അത്. അതികാമത്തേയാണു സഹസ്രഭഗത്ത്വം കൊണ്ട് അർത്ഥമാക്കേണ്ടത്. ഇന്നത്തെ ലോകത്തിൽ ആ ശാപം കിട്ടിയ അനേകം പേരുണ്ടെന്നു തോന്നുന്നു. ദിനവും മാദ്ധ്യമങ്ങളിൽ കാണുന്ന വാർത്തകൾ നൽകുന്ന സൂചനയതാണു. ധനത്തിനു, സ്ത്രീക്ക്, സ്വത്തിനു, അധികാരത്തിനു ഒക്കെയായി എത്രപേരാണു ജീവനേ ഞെരിച്ചമർത്തിക്കൊണ്ട് ഇറങ്ങിപ്പുറപ്പെടുന്നത്? കാമിയായി നടക്കുന്നത്. വിഹിതമാണൊ, അവിഹിതമാണോ എന്നൊന്നും ചിന്തിക്കാതെ കാമത്തിനു അടിപ്പെടുന്നവരുടെ എത്രവേണമെങ്കിലും കഥകൾ കാണാനുണ്ട്. അവരെല്ലാം സഹസ്രഭഗന്മാരാണു. ഇന്ദ്രൻ വിഷമിച്ചതു പോലെ അവരും വിഷമിക്കുകയാണു. പുറമേ സന്തുഷ്ടരാണെന്നു ഭാവിക്കുന്നുണ്ടെങ്കിൽ പോലും!

ഈശ്വരഭാവം എല്ലാരിലും ഒരുപോലെ കിടപ്പുണ്ട്. അഹല്യയായി. പക്ഷെ നാം അത് തിരിച്ചറിയുന്നില്ല. അതിനെ ഉണർത്തി ഈശ്വരാവസ്ഥയിലേക്ക് ഉയർത്തുക എന്നുള്ളതാണു ഓരോമനുഷ്യന്റേയും ജന്മോദ്ദേശം. അപ്പോൾ അവനവനും ലോകത്തിനു തന്നെയും ശാന്തി കിട്ടും.

സാധകന്റെ മൂലാധാരത്തിൽ ഉറഞ്ഞുകിടക്കുന്ന കുണ്ഡലിനീശക്തിയെ സാധകൻ ഉണർത്തി. അതിനെ സഹസ്രാരപദ്മത്തിലേക്കുയർത്തുന്ന ശ്രമമാണിനി വേണ്ടത്. അതിനു പ്രണവോപാസനയാണു വഴി. പരമമായ ശാന്തികിട്ടുന്ന പ്രണവോപാസനക്ക് സാധകൻ യോഗ്യനായി. ശിവചാപം കാണാൻ പോകാൻ തീരുമാനിക്കുന്നത് അതു കൊണ്ടാണ്. അങ്ങനെ ഉപാസനാ മാർഗ്ഗത്തിലേക്ക് വരുന്ന ജീവൻ തെരെഞ്ഞെടുക്കുന്നത് നിർഗ്ഗുണ നിരാകാര ബ്രഹ്മാവസ്ഥയാണു. അതിന്റെ പ്രതിരൂപമാണു പ്രണവം. പ്രണവത്തെ ത്രയ്യമ്പകം എന്ന വില്ലായാണു ചിത്രീകരിച്ചിരിക്കുന്നത്. സൂക്ഷിച്ചു നോക്കിയാൽ വില്ലെന്ന ഭാവനയിൽ ഓം എന്ന അക്ഷരത്തെ കാണാൻ കഴിയും. ദേവനാഗരിയിലെ ഓമും വില്ലിനും ഏകദേശം ഒരേ രൂപം തന്നെയാണു. പ്രണവത്തെ ധനുസ്സായിത്തന്നെയാണു വേദങ്ങൾ പറയുന്നത്.

                                      പ്രണവോ ധനു: ശരോഹ്യാത്മാ ബ്രഹ്മതല്ലക്ഷ്യമുച്യതേ
                                      അപ്രമത്തേനവേദ്ധവ്യം ശരവത് തന്മയോ ഭവേത്

പ്രണവമെന്നത് ധനുസാണു. ആ ധനുസിന്റെ ശരമാണു ജീവാത്മാവ്. ബ്രഹ്മം അതിന്റെ ലക്ഷ്യമാകുന്നു. നമ്മൂടെ ജീവാത്മാവിനെ പ്രണവമാകുന്ന വില്ലിൽ കുലച്ച് ബ്രഹ്മലക്ഷ്യത്തിലേക്കയക്കുന്നതാണു പ്രണവോപാസന. പ്രണവമാകുന്ന വില്ലിൽ ജീവനാകുന്ന ശരത്തിനെ വച്ചയക്കാൻ നല്ല തന്മയത്വമുള്ളവനേ കഴിയു. ശരത്തിലാണു തന്മയത്വമുണ്ടാകേണ്ടത്. ആയോധനപരീശലനം എന്നത് കൊണ്ട് പ്രണവോപാസനയെന്നു ധരിച്ചു കൊള്ളണം. അല്ലാതെമാനിനേയോ മരപ്പെട്ടിയേയോ പിടിക്കാനുള്ള അമ്പെയ്ത്തായി ധരിച്ചാൽ അബദ്ധമാകും. പക്ഷെ ചിത്രകഥകളും വിവേകമില്ലാത്ത അമ്പലപ്രസംഗക്കാരും അബദ്ധമായി ധരിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നുണ്ട്. ഇന്ത്യയിൽ പണ്ട് അങ്ങോട്ട് പോയി ലക്ഷ്യം ഭേദിച്ച് തിരിച്ചെത്തുന്ന അസ്ത്രശസ്ത്രങ്ങൾ ഉണ്ടായിരുന്നു. അവ ഇന്നത്തെ വാർഫെയറുകളിലെ സമാനമായ ആയുധങ്ങൾ തന്നെ എന്നു വീമ്പിളക്കുന്നവർ അസ്ത്ര-ശസ്ത്രങ്ങളുടെ യാഥാർത്ഥ്യം മനസിലാക്കിയിട്ടില്ലെന്നു ഊഹിക്കണം.

രാമൻ ത്രയ്യംബകം ഒടിച്ച് സീതയെ വേട്ടു. എന്താണതിന്റെ സാരം? സാധനയിൽ ജീവൻ വിജയിച്ചു. അതിനു മുൻപ് പലരും ശ്രമിച്ചെങ്കിലും ശൈവചാപം ഒന്നു ചലിപ്പിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. പക്ഷെ രാമൻ അത് നിഷ്പ്രയാസം സാധിച്ചു. അതിന്റെ അർത്ഥം, സാധകൻ പ്രണവോപാസനയിൽ പ്രാണനെ നേരെ നിർത്തി ലയം സാധിച്ച് ബ്രഹ്മവിദ്യാപ്രാപ്തിയിൽ എത്തി. സീത ബ്രഹ്മവിദ്യയാണു. സീതയെ ലഭിച്ചാൽ, ബ്രഹ്മവിദ്യാപ്രാപ്തിയുണ്ടായാൽ ആത്യന്തിക ദു:ഖനിവർത്തിയുണ്ടാവുകയും സുഖം ലഭിക്കുകയും ചെയ്യും. സാധകൻ ആ തലത്തിൽ എത്തിക്കഴിഞ്ഞിരിക്കുന്നു.

Wednesday, July 27, 2011

മാരീചൻ

കാമം ആത്മീയ പുരോഗതിക്ക് ഏറെ തടസ്സമുണ്ടാക്കുന്ന ഒന്നാണ്. കാമത്തെ വെന്നു എങ്ങനെ ഉന്നതി നേടാം? ഒരു സാധകൻ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യമാണത്. രാമായണത്തിലെ വിശ്വാമിത്രൻ എന്ന ഗുരു സാധകനായ രാമനോട് അത് വിശദീകരിച്ച് കൊടുക്കുന്നതിൺഗനെയാണു:

                                      കാടിതു കണ്ടായോ നീ കാമരൂപിണിയായ
                                      താടകാഭയങ്കരി വാണീടും ദേശമിത്
                                      അവളേപ്പേടിച്ചാരുമിതുവഴി നടപ്പീല
                                      ഭുവനവാസിജനം ഭുവനേശ്വരാ പോറ്റീ


നമ്മൂടെ മനസിനെ ചൂണ്ടിക്കാണിച്ചാ‍ണു അത് പറയുന്നത്. മനസ്സാണു കൊടുംകാട്! അവിടെ പുളക്കുന്ന കാമത്തിനെ താടക എന്നു പറയും. കാടിനൊരു സവിശേഷതയുണ്ട്. കാണുമ്പോൾ കാട് മനോഹരമാണു. പക്ഷെ അതിലേക്കിറങ്ങി ചെന്നാൽപ്രവചനാതീതവും. എന്തൊക്കെ എവിടെ ഒളിച്ചിരിപ്പുണ്ടെന്നറയില്ല. ഏതൊക്കെ അപകടങ്ങൾ പതിയിരിപ്പുണ്ടെന്നും അറിയില്ല. വഴി തെറ്റാൻ വളരെ എളുപ്പം. അതുപോലെ തന്നെയാണു നമ്മുടെ മനസ്സും. മനസ് നല്ലതാണു. മനോഹരമാണ്. പക്ഷെ അതിൽ എന്തൊക്കെയാണു ഉള്ളതെന്നു പ്രവചിക്കാനാകില്ല. അതിലേക്കിറങ്ങുമ്പോൾ വളരെ സൂക്ഷിക്കണം. മനസിൽ താടകയുണ്ട്. ജ്വലിക്കുന്ന കാമം. അപക്വമായ ആശകൾ എന്നാണ് കാമമെന്ന വാക്കിന്റെ അർത്ഥം. കാ ആമം!

മനസിന്റെ അന്തർതലങ്ങൾ ദർശിച്ച അനേകം ഋഷിമാർ നമുക്കുണ്ട്. ഋശ്യശൃംഗൻ അതിൽ ഒരാളാണു. സ്വപ്നങ്ങളേ ആധാരമാക്കി ആ മുനി നടത്തിയ പഠനങ്ങൾ ഇന്നും പ്രസക്തമാണു. പ്രമാണമാണു. ആ ഗ്രന്ഥം ഇപ്പോൾ വീണ്ടും ലഭ്യമാണെന്നു തോന്നുന്നു.

മനസിന്റെ  വൈചിത്ര്യം മനസിലാക്കിയവരാണു മുനിമാർ. അതു കൊണ്ടാണു സാധനയിൽ മനസംയമനത്തിനു വളരെ പ്രാധാന്യം കൊടുത്തിരിക്കുന്നത്. ആത്മീയ പുരോഗതിക്ക് മാത്രമല്ല സ്വസ്ഥജീവിതം നയിക്കണമെങ്കിലും മനസിനെ അടക്കണമെന്നു അവർ ഉപദേശിച്ചു. മനസിലെ സകല കാമവാസകളേയും ഒന്നു ചേർത്താണു താടകയെന്നു അവർ പറയുന്നത്. അല്ലാതെ ഒരു സ്ത്രീയെന്ന സങ്കല്പത്തിലല്ല.

താടക എന്ന പേർ കേൾക്കുമ്പോൾ തന്നെ ഭയമുളവാകും. കാമവും അതു പോലെയാണു. ആലോചിച്ചാൽ പേടി വരും. പക്ഷെ കാമം ഉണർന്നു വന്നാൽ വശംവദരായിപ്പോകുകയും ചെയ്യും. അതു കൊണ്ടാണു താടക  സുന്ദരിയാണു എന്നു പറഞ്ഞിരിക്കുന്നത്.

കാമത്തെ അടക്കാനാണു വിശ്വാമിത്രൻ രാമനോട് ആവശ്യപ്പെട്ടത്. ഇല്ലെങ്കിൽ സാധകനെന്ന നിലയിൽ ജീവനു അല്പം പോലും പുരോഗതിയുണ്ടാവില്ല. അതാണു താടകയെ കൊല്ലുവാൻ രാമനോട് പറയുന്നതിലൂടെ വിശ്വാമിത്രൻ സാധകർക്ക് നൽകുന്ന സന്ദേശം. അതിനുള്ള വിദ്യകളും പറഞ്ഞു കൊടുക്കുന്നുണ്ട്. മന്ത്രം കൊണ്ട് സൂചിപ്പിക്കുന്നത് അതാണു. അത് മനസിൽ ധരിച്ചു കഴിഞ്ഞാൽ മനോബലരൂപത്തിലുള്ള പരിചകളും കാമത്തെ അടക്കുന്ന ചിന്തകളാകുന്ന അസ്ത്ര ശസ്ത്രങ്ങളും സാധകനു സായത്തമാകുന്നു. അറിവു കിട്ടിയാലും പ്രയോഗസാമർത്ഥ്യം ഇല്ലെങ്കിൽ എന്ത് പ്രയോജനം? പക്ഷെ രാമൻ ഉന്നതമായ അസ്ത്രശസ്ത്രങ്ങൾ കൊണ്ട് താടകയെ വധിച്ചു എന്നാണു കവി പറഞ്ഞിരിക്കുന്നത്.

കാമം, സുഖം ദു:ഖം എന്നീ രണ്ട് ഭാവങ്ങൾ ഉൾക്കൊണ്ടതാണു. കാമന സാധിക്കുമ്പോൾ അത് അനുകൂല വേദനീയമാകും. അതിനെ സുഖമെന്നു പറയും. സാധിക്കാതെ വരുമ്പോൾ പ്രതികൂല വേദനീയവും. അത് ദു:ഖം. താടകയ്ക്കു രണ്ട് സഹോദരന്മാർ ഉള്ളതായി പറയുന്നത് അതിനെയാണ്. സുബാഹുവും മാരീചനുമാണു താടകയുടെ സഹോദരർ. സുബാഹു സുഖവും മാരീചൻ ദുഖവുമാണു. സുഖത്തിന്റെ പ്രതീകമായ സുബാഹുവിനെ ഹനിക്കുക പ്രായേണ എളുപ്പമാണു. വേഗത്തിൽ മടുക്കുന്നതു സുഖമാണല്ലോ. പക്ഷേ, ദു:ഖങ്ങൾ. അവ ആദ്ധ്യാത്മികവും ആധിഭൌതീകവും,  ആധിദൈവീകവുമായി അനേകമുണ്ട്. ആ ദു:ഖങ്ങളിൽ പലതിനേയും താൽക്കാലികമായി മനസിൽ നിന്നു അകറ്റി നിർത്താൻ നമുക്ക് കഴിയാറുണ്ട്. പക്ഷേ വീണ്ടും അനുകൂല സാഹചര്യമുണ്ടാകുമ്പോൾ അവ മറവിൽ നിന്നും പുറത്തുവരും. മാരീചന്റെ സൂചന അതാണു. ഒരിക്കൽ തിരിച്ചറിഞ്ഞ ആ വസ്തുത രാമൻ വിസ്മരിക്കുന്നതായി രാമായണത്തിൽ കാണാം. താടകാവധ വേളയിൽ ഓടിയൊളിക്കുന്ന മാരിചൻ പിന്നെ വീണ്ടും വരുന്നുണ്ട്. അപ്പോൾ അതിനെ തിരിച്ചറിയാൻ പറ്റാതെ അതിനു പിന്നാലെ പോകുകയാണു രാമൻ. ദു:ഖത്തിന്റെ കാര്യം അങ്ങനെയാണു. നമുക്കെല്ലാം ഇഷ്ടമുള്ള ഒരു വിനോദമാണിത്. പത്രത്തിൽ ഒരാൾക്കുണ്ടായ ദുരിതഗതി കണ്ടാൽ അവരോട് സഹതാപം പ്രകടിപ്പിക്കുകയാണെന്ന മട്ടിൽ അതാസ്വദിക്കും. ആസ്വദിക്കും എന്നു പറഞ്ഞത് സന്തോഷത്തിന്റെ രസാസ്വാദനമല്ല. സന്താപത്തിന്റെ രസാസ്വാദനം. വിഷമം നേരിടുന്നവരോട് സഹതാപമുണ്ടെങ്കിൽ അവരെ പോയി സഹായിക്കണം. പക്ഷെ അതല്ല പലപ്പോഴും ചെയ്യാറുള്ളത്. പകരം അതിൽ രമിക്കും. സന്നദ്ധ സംഘടനകൾ ചെയ്യുന്നു എന്നു പറയാറുള്ള സഹായങ്ങളും ഇക്കൂട്ടത്തിൽ പെടും. വികലാംഗർക്ക് വീൽചെയർ നൽകി, മെഡിക്കൽ ക്യാമ്പ് നടത്തി എന്നൊക്കെ കേൾക്കുമ്പോൾ മനസിലാക്കിക്കൊള്ളുക മാരീചൻ ഒളിച്ചിട്ടേയുള്ളു. അവസരം നോക്കി പൂർവ്വാധികം ശക്തിയായി അവൻ തിരികെ എത്തും. അപ്പോൾ സീത നഷ്ടപ്പെട്ട രാമനേപ്പോലെ വിലപിക്കേണ്ടി വരികയും ചെയ്യും. അതിനു പകരം കാമങ്ങളെ വിവേകത്തോടെ നോക്കിക്കണ്ട് അതിജീവിക്കണം.

Sunday, July 24, 2011

കാര്യഗുരു ; കാരണഗുരു

ദേഹത്തിൽ പ്രാതിഭാസിക്കുന്ന ജീവനു അജ്ഞത കൊണ്ട് തത്സ്വരൂപം മറഞ്ഞിരിക്കും. അറിവു കൊണ്ടേ ആ മറവ് നീങ്ങു. ബുദ്ധി ഋജുവായിരിക്കുന്ന ബാല്യമാണു അതിനു ഏറ്റവും പറ്റിയ കാലം. നന്നേ ചെറുപ്പത്തിൽ തന്നെ ജ്ഞാനത്തിലേക്ക് കുഞ്ഞുങ്ങളെ ഉപനയിപ്പിച്ചാൽ അവരുടെ ജീവിതം സൌഭാഗ്യപൂർണ്ണമായിരിക്കും. ഇന്നു നാം ചർച്ച ചെയ്തു സങ്കീർണ്ണമാക്കുന്ന വേദമാണു പണ്ടുള്ളവർ ആ ചെറുപ്രായത്തിൽ കുട്ടികൾക്ക് നൽകിയിരുന്നത്. പ്രപഞ്ചോൽ‌പ്പത്തി മുതൽ പ്രപഞ്ച സംഗ്രഹം വരെയുള്ള കാര്യങ്ങൾ കവിതയിലൂടെ കുഞ്ഞുമനസിലേക്ക് കടത്തിവിട്ടാൽ ആവശ്യം വരുമ്പോഴൊക്കെ അത് മനസിൽ തെളിയുകയും ജീവിതം സാർത്ഥകമാവുകയും ചെയ്യുമെന്നവർ കണ്ടെത്തിയിരുന്നു. ഇന്നു നാം ചെയ്യുന്നതെന്താണു? ഒരു കുഞ്ഞിനു അവന്റെ ജനിതക സാമ്യമില്ലാത്ത വിദേശഭാഷ പഠിപ്പിച്ച് കൊടുത്ത് അതിലൂടെ കാര്യങ്ങൾ വിശദീകരിക്കാൻ ശ്രമിക്കുന്നു. അവന്റെ ബോധം ആ അറിവുകളെ സ്വീകരിക്കുന്നുണ്ടോ അതോ തെറ്റായിദ്ധരിക്കുകയാണോ എന്നു നാം അന്വേഷിക്കാറില്ല. അഹംബോധം കൊണ്ട് നാം നമ്മെ തന്നെ മറക്കുന്നു.

രാമനും ബാല്യത്തിൽ തന്നെ ഉപനയിക്കപ്പെട്ടു. ജാഗ്രത് ജീവനെ സൂചിപ്പിച്ചത് വഴി എല്ലാരും അതിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഓർക്കണം. വസിഷ്ഠനായിരുന്നു ഗുരു. മാമുനിയുടെ പാദാന്തികത്തിൽ ഇരുന്നു മുപ്പത്തീരായിരം ശ്ലോകങ്ങൾ ആ ജീവൻ പഠിച്ചു. വസിഷ്ഠൻ പഠിപ്പിച്ചു കൊടുത്ത പാഠങ്ങളാണു ജ്ഞാനവാസിഷ്ഠമെന്ന പേരിൽ അറിയപ്പെടുന്നത്. പഠനം കഴിഞ്ഞ് ജീവൻ തീർത്ഥാടനത്തിനു പോയി. വെറുതെ കേട്ടതു കൊണ്ടായില്ല. പഠിച്ചതെല്ലാം കാണുകയും ചെയ്താലേ മനസിലുറയ്ക്കു. തീർത്ഥാടനം അതിനുള്ള ഒരു ഉപാധിയാണു. ഇന്നല്ല, അന്നു. ഇന്നത് ആഗ്രഹങ്ങൾ പറയാനും ഈശ്വരനു കൈമടക്ക് കൊടുക്കാനും സ്ഥലവാസികൾക്ക് സമ്പത്തുണ്ടാക്കാനുമുള്ള ഒരു പരിപാടിയായിട്ടുണ്ട്. തീർത്ഥസ്ഥാങ്ങൾ സന്ദർശിച്ച് ജീവൻ മടങ്ങിയെത്തി. കാര്യഗുരുവിന്റെ നിയോഗം തീർന്നു.

അപ്പോഴേക്കും അതാ കാരണഗുരു എത്തിക്കഴിഞ്ഞു. വിശ്വാമിത്രൻ. ജീവൻ പഠിക്കുകയും കാണുകയും ചെയ്തു. പക്ഷെ അത് ഉള്ളിലുറച്ച അറിവാണൊ എന്നെങ്ങനെ അറിയും? അതിനത് പരീക്ഷിച്ചും പ്രയോഗിച്ചും നോക്കണം. അതിനായാണു വിശ്വാമിത്രൻ വന്നെത്തുന്നത്. രാമനെ പൂർണ്ണ ജ്ഞാനത്തിലേക്ക് എത്തിക്കുക എന്നതാണു കാരണഗുരുവിന്റെ ദൌത്യം. രാമൻ സ്വീകരിക്കുന്ന ഗുരുക്കന്മാർ അനവധിയാണു. ഇങ്ങനെ പലർ സഹായിച്ചെങ്കിലെ ജീവനു പൂർണ്ണതയിലെത്താൻ കഴിയു. ഭാഗവതത്തിൽ ഇരുപത്തിനാലു ഗുരുക്കന്മാരേപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. പ്രപഞ്ചത്തിൽ നിന്നു പഠിക്കാനുള്ളതിനു പുറമേ സത്തായിരിക്കുന്ന ഭഗവത്പ്രാപ്തിക്കു വേണ്ടിയും അനേകം ഗുരുക്കന്മാരെ സമീപിക്കേണ്ടി വരും. വിശ്വത്തിന്റെ മിത്രമാണു ഇപ്പോൾ എത്തിയിരിക്കുന്നത്. ഗുരു എത്തിക്കഴിഞ്ഞാൽ പിന്നെ ജീവനു പിന്തിരിയാനാവില്ല. അതു കൊണ്ടാണു ഭാരതത്തിൽ അങ്ങോട്ട് ചെന്നു ശിഷ്യനാകുന്നതിനു പ്രസക്തിയില്ലാത്തത്. ഉത്തമനെ ഗുരു കണ്ടെത്തിക്കൊള്ളും. അല്ലാതെയുള്ളവർ വെറും പണ്ഡിതന്മാരായി അവസാനിക്കുകയേ ഉള്ളു. അവർ പാണ്ഡിത്യം പുലമ്പിക്കൊണ്ട് കാലം കഴിക്കും. ‘തത്ത്വമസി‘ എന്നു ഉരുവിട്ടിട്ടോ, എഴുതിപ്പിടിപ്പിച്ചിട്ടോ കാര്യമില്ല. അതിന്റെ അർത്ഥം അനുഭവമാകണം. അതിനു ഗുരു തിരഞ്ഞെടുക്കുന്നവർ ഉണ്ടാകും. ഗുരു തീരുമാനിച്ചു കഴിഞ്ഞാൽ ജീവനു ശാരീരിക പീഢകളോ, ലൌകിക വേദനകളോ പ്രസക്തമല്ല. അതു കൊണ്ടാണു വിശ്വാമിത്രൻ എത്തിയപ്പോഴെ ദശരഥൻ ആകുലനായിത്തുടങ്ങിയത്. വിശ്വാമിത്രൻ അത് അവഗണിച്ചു കൊണ്ട് രാമനെ തന്റെയൊപ്പം യാഗരക്ഷയ്ക്കയക്കാൻ ആവശ്യപ്പെട്ടു. ശരീരം വിഷമിക്കാൻ തുടങ്ങി. അതിനെ അതിജീവിച്ചത് ജ്ഞാനം കൊണ്ടായിരുന്നു. വസിഷ്ഠൻ കാര്യങ്ങൾ പറഞ്ഞ് കൊടുത്തപ്പോൾ ശരീരത്തിന്റെ മോഹമടങ്ങി. ദശരഥൻ രാമലക്ഷ്മണന്മാരെ വിശ്വാമിത്രനൊപ്പമയച്ചു. ജാഗ്രത്-സ്വപ്നങ്ങൾ വിശുദ്ധീകരിക്കപ്പെടാൻ തുടങ്ങുന്നു. വിശ്വതൈജസന്മാർ കാരണഗുരുവിനൊപ്പം വിശ്വത്തിന്റെ മിത്രഭാവത്തിലേക്കുയരുവാനായി യാത്ര തിരിച്ചു.

ജീവൻ ആത്മീയ മാർഗ്ഗത്തിലേക്ക് തിരിയുമ്പോൾ ശാരീരികമായ പീഢകൾ ഏറെയുണ്ടാകും. എന്നാൽ ഉന്നതമായ സത്സംഗമുണ്ടെങ്കിൽ താപമടങ്ങും. വസിഷ്ഠനും വിശ്വാമിത്രനും അതിനു സഹായിച്ചു. ശരീരത്തിന്റെ പ്രസക്തിയും ജീവന്റെ അവസ്ഥയും വേണ്ടപോലെ പറഞ്ഞു കൊടുത്തപ്പോൾ ദശരഥൻ തൽക്കാലത്തേക്ക് ശാന്തനായി. പക്ഷെ പൈദാഹാദികൾ. അവ അടക്കുവാൻ പ്രയാസമാണു. അന്നവും ജലവുമില്ലാതായാൽ ജീവൻ പിടച്ചു പോകും. അത് ആത്മീയപുരോഗതിക്കു വിഘാതമാകും. അത് കണ്ടറിഞ്ഞ വിശ്വാമിത്രൻ കുമാരന്മാർക്ക് ബലയും അതിബലയും ഉപദേശിച്ചു കൊടുത്തു. അന്നവും അപും സംബന്ധിച്ചുള്ള അറിവാണത്. അത് മനസിലാക്കുന്നതോടെ ജീവനിൽ നിന്നും വിശപ്പും ദാഹവും അപ്രത്യക്ഷമായി. അങ്ങനെ ആത്മസാക്ഷാത്ക്കാരത്തിലേക്ക് നീങ്ങുന്ന ജീവൻ വലിയൊരു കടമ്പ കടന്നു. മുന്നിൽ മറ്റ് പ്രതിബന്ധങ്ങൾ ഒന്നുമില്ലെന്നു വിചാരിച്ച് ലക്ഷ്യത്തിലേക്ക്  സ്വച്ഛന്ദമായി നടക്കുമ്പോൾ കാമനകൾ ഉയർന്നു വരാൻ തുടങ്ങി. അത് ജീവനെ കൂടുതൽ ദു:ഖത്തിലേക്ക് പിടിച്ചാഴ്ത്തി. അതേക്കുറിച്ച് അടുത്ത പോസ്റ്റിൽ.

Saturday, July 23, 2011

രാമനും ജീവനും

ദശരഥൻ ശരീരമാണെന്നു പറഞ്ഞു.ആ ശരീരത്തിനുള്ളിൽ ജീവനു പല ഭാവങ്ങളും കൈക്കൊള്ളാൻ കഴിയും. അവയിൽ പ്രധാനപ്പെട്ട ഭാവങ്ങൾ നാലെണ്ണമാണു.

1.വിശ്വൻ : ജീവന്റെ സുപ്രധാനമായ ഒരു ഭാവമാണത്. നാം നിത്യനിരന്തരം സൂചിപ്പിക്കുന്നതും വിശ്വനേപ്പറ്റിയാണു. നമ്മൂടെ ബാഹ്യമായ കർമ്മങ്ങൾക്കെല്ലാം ആധാരം ജീവന്റെ ഈ ഭാവമാണ്. ആ ജീവനു  വിശ്വവിരാട് അവസ്ഥയിലേക്ക് വളർച്ച പ്രാപിക്കാനും കഴിയാറുണ്ട്. അതായത് ഒരു വ്യക്തി എന്ന തന്റെ വ്യക്തിഭാവം വിട്ട് ഈ പ്രപഞ്ചം മൊത്തം താനാണെന്ന അറിവുണ്ടാകുന്ന അവസ്ഥ. അങ്ങനെ പൂർണ്ണവളർച്ചയെത്തുമ്പോൾ - വിശ്വവിരാടവസ്ഥയിലേക്ക് ഉയരുമ്പോൾ - ജീവനെ വിശ്വനെന്ന് പറയുന്നു. ജാഗ്രത്താണു വിശ്വന്റെ അവസ്ഥ. വളരെ ബൃഹത്താണെന്നു തോന്നുമെങ്കിലും ജാഗ്രത് വളരെക്കുറച്ചേ നാം അനുഭവിക്കാറുള്ളു. ശ്രദ്ധിച്ചാൽ ഇത് മനസിലാകും. ഒരു നിമിഷമെടുത്ത് ആ നിമിഷത്തിൽ മാത്രമായി ഇരിക്കുന്ന അവസ്ഥയെക്കുറിച്ച് ഒന്നാലോചിച്ച് നോക്കു. ആ ഒരു നിമിഷത്തിൽ അലിഞ്ഞിരിക്കുന്ന അത്രേയുള്ളു ആ നിമിഷത്തിന്റെ ജാഗ്രത്ത്. അങ്ങനെയിരിക്കുമ്പോൾ പെട്ടെന്നു നാം അതിൽ നിന്നു മാറിപ്പോകുന്നത് കാണാം. അറിയാതെയാണത് സംഭവിക്കുന്നത്. മനുഷ്യനു ജാഗ്രത്തിൽ അങ്ങനെ ലയിച്ചിരിക്കാൻ ആവുന്നില്ല. ലോകത്തുള്ള സകല ഭർത്സനങ്ങൾക്കും, വിദ്വേഷങ്ങൾക്കും കാരണം ജാഗ്രത്തിൽ നമുക്ക് ഉറച്ചു നിൽക്കാൻ കഴിയാത്തത് കൊണ്ടാണു. പക്ഷെ നാം അതംഗീകരിക്കാറില്ല. .

2.തൈജസൻ : തേജസ് ഉൾക്കൊണ്ട് ജീവൻ മറ്റൊരു അവസ്ഥയിലും ഇരിക്കാറുണ്ട്. നാം പുറത്ത് കാണുന്ന ഈ ലോകം അപ്പോൾ സക്രിയമല്ല. അവിടെ വേറൊരു ലോകമുണ്ട്. അതാണു സ്വപ്നത്തിന്റെ ലോകം. ആ ലോകത്തിൽ എല്ലാം സൃഷ്ടിച്ച് ഭരിച്ച് ആസ്വദിക്കുന്ന ഒരു ജീവനെ കാണാൻ കഴിയും. അതാണു തൈജസൻ. സ്വപ്നമാണു തൈജസന്റെ അവസ്ഥ. ലോകത്തിലെ കർമ്മങ്ങൾ ഉടലെടുക്കുന്നത് ഈ സ്വപ്നലോകത്തിൽ നിന്നുമാണു. അവിടെയാണു കൂട്ടലും കുറയ്ക്കലും അഴിക്കലും കൂട്ടിച്ചേർക്കലുകളും നടക്കുന്നത്. ഇത് ജാഗ്രത്തിന്റെ തുടർച്ചയാണു. അത് കൊണ്ട് തന്നെ വിശ്വൻ പരിണമിച്ചാണു തൈജസനുണ്ടാകുന്നതും.

3.പ്രാജ്ഞൻ : പ്രാജ്ഞാവസ്ഥയെ പ്രാപിക്കുന്ന ജീവൻ മറ്റൊരു ഭാവത്തിലിരിക്കുന്നു. ജ്ഞാനത്തിന്റെ മേഖലയാണത്. അവിടേക്ക് ചെല്ലുന്ന ജീവാംശത്തെ പ്രാജ്ഞൻ എന്നു പറയും. പ്രാജ്ഞന്റെ അവസ്ഥ സുഷുപ്തിയാണു. സുഷുപ്തിയിൽ ഈ ലോകമുണ്ടെങ്കിലും ജീവൻ അത് അറിയുന്നില്ല. ഒന്നും തന്നെ അറിയുന്നില്ല. പ്രജ്ഞ മാത്രം തിളങ്ങി നിൽക്കുന്നു. അവിടെ എത്തിയിട്ട് തിരികെ വരുന്ന ജീവനൻ എപ്പോഴും പുതിയത് പോലെ ഇരിക്കും. അതുകൊണ്ടാണു നല്ല ഒരുറക്കം കഴിയുമ്പോൾ നാം ഫ്രെഷായി എന്നു പറയാറുള്ളത്.

4.തുരീയൻ : ഇവിടെ ജീവൻ അഭൌമമായ ഒരു മേഖലയിലാണു. ജാഗ്രത്ത് സ്വപ്നാവസ്ഥകളുമായി ഒരു ബന്ധവുമില്ലാതെയാണു ജീവനവിടെ ഇരിക്കുന്നത്. ശരീരബോധം തീരെ ഉണ്ടാ‍യിരിക്കില്ല. ജാഗ്രത് സ്വപ്ന സുഷുപ്താവസ്ഥകളിൽ നിന്നു ലഭിച്ച എല്ലാ അറിവുകളും ത്യജിച്ച് സുഖസംതൃപ്തനായാണു ജീവനവിടെ ഇരിക്കുന്നതെന്നു അതനുഭവിച്ചവർ പറയുന്നു. ആ സച്ചിദാനന്ദാവസ്ഥയിലേക്ക് എത്തുന്ന ജീവനെ തുരീയനെന്നും ആ അവസ്ഥക്ക് തുരീയമെന്നുമാണു സൂചന. അതിനു വിശ്വാദികൾക്കുള്ള പോലെ ഒരു പേരില്ല. നാലാമത്തേത് എന്നു മാത്രമേ ഋഷിമാർ അതേപ്പറ്റിപ്പറയുന്നുള്ളു. മാനോവാക്കുകൾക്ക് അപ്പുറമാണത്.

ഇങ്ങനെ ഒരേ ജീവൻ നാലുഭാവങ്ങളെ ഉൾക്കൊണ്ട് ശരീരത്തിൽ പ്രവർത്തിക്കുന്നു. ഈ നാലുഭാവങ്ങളെ രാമൻ, ലക്ഷ്മണൻ, ഭരതൻ, ശത്രുഘ്നൻ എന്നു വിളിക്കുന്നു. രാമൻ വിശ്വനും, ലക്ഷ്മണൻ തൈജസനും, ഭരതൻ പ്രാജ്ഞനും ശത്രുഘ്നൻ തുരീയനുമാണു.

മുൻപില്ലാത്ത ഒന്നു പ്രകടീഭവിക്കുമ്പോൾ ‘ജനിച്ചു‘ എന്നു നാം പറയുന്നു. അങ്ങനെയാണു രാമാദികൾ ജനിച്ചു എന്നു പറഞ്ഞിരിക്കുന്നത്. ഇങ്ങനെ ജനിക്കണമെങ്കിൽ അതിനൊരു മാതൃപിതൃ സംബ്നധമുണ്ടാകണം. അപ്പോൾ ദശരഥനു പുത്രന്മാരുണ്ടാകണമെങ്കിൽ അവരെ ജനിപ്പിക്കാനുള്ള ഭാര്യമാർ ഉണ്ടാവണം.

ശരീരമാകുന്ന ദശരഥനു മൂന്നു ഭാര്യമാരാണുള്ളത്.
ഒന്നു : ഇച്ഛാശ്ശക്തിയെന്ന കൌസല്യ.
രണ്ട്: ക്രിയാശ്ശക്തിയെന്ന കൈകേകി.
മൂന്നു: ജ്ഞാനശ്ശക്തിയെന്ന സുമിത്ര.

ഈ മൂന്നു ശക്തികളും ഇല്ലെങ്കിൽ ശരീരത്തിനു കർമ്മമില്ല. ഇവയിൽ നിന്നാണു കർമ്മങ്ങൾ ഉൽ‌പ്പന്നമാകുന്നത്. ഇച്ഛയിൽ ആരംഭിച്ച് ക്രിയയോളമെത്താത്ത കർമ്മങ്ങളെ സഞ്ചിതമെന്നു പറയും. കൌസല്യ പ്രതിനിധീകരിക്കുന്നത് സഞ്ചിത കർമ്മങ്ങളേയാണു. നമ്മുടെ ഉള്ളിലും അനവധി കൌസല്യമാരേക്കാണാൻ പ്രയാസമില്ല. അതു ചെയ്യണം, ഇതു ചെയ്യണമെന്നൊക്കെയുള്ള നമ്മുടെ ആഗ്രഹങ്ങൾ കൌസല്യമാരാണു.

ഇച്ഛയിൽ ആരംഭിച്ച് ക്രിയയിൽ എത്തുന്ന കർമ്മങ്ങളാണു പ്രാരബധം. പ്രാരബ്ധം കൈകേകിയാണു. പ്രാരബ്ധങ്ങൾ അനുഭവിച്ചേ തീരുകയുള്ളു. അതിനു വേണ്ടി ജീവൻ പലവട്ടം ജന്മമെടുക്കാറുണ്ട്. ഭാരതത്തിൽ പുനർജ്ജന്മം കൊണ്ട് വിവക്ഷിക്കുന്നത് ജീവന്റെ ഈ ആവർത്തനത്തേയാണു. എന്നാൽ നാം നമ്മൂടെ ബുദ്ധിക്കുറവുകൊണ്ട് വിചാരിക്കുന്നത് ഈ ശരീരം  ആവർത്തിക്കുമെന്നാണു. ശരീരം പഞ്ചഭൂതാത്മകവും കാലയളവുള്ളതുമാണു എന്നു നാം ഓർക്കാറില്ല. അതിലെ ജീവൻ മാത്രമേ സനാതനമായുള്ളു. അത് മനസിലാക്കാതെയാണു പലപ്പോഴും പലരും പലതരം തർക്കങ്ങളിൽ ചെന്നു ചാടുന്നത്.

പ്രാരബ്ധങ്ങളിൽ നിന്നു പിന്നയുമുണ്ടാകുന്ന കർമ്മങ്ങളെ ആഗന്തുകങ്ങൾ എന്നു പറയുന്നു. സുമിത്രയാണു ആഗന്തുകങ്ങളുടെ പ്രതിനിധി.

പൂർണ്ണതയിലേക്ക് പ്രവഹിക്കുവാനാണു ജീവൻ ആഗ്രഹിക്കുന്നത്. ഭൂമിയിലെത്തിക്കഴിഞ്ഞാൽ ജീവൻ വിവിധങ്ങളായ കർമ്മകലാപങ്ങളിൽ മുഴുകിക്കൊണ്ടിരിക്കും. അപ്പോഴും അത് അജ്ഞാതമായ ഏതോ ഒന്നിനെ അന്വേഷിച്ചു കൊണ്ടിരിക്കുന്നത് കാണാം. ലൌകികമായ മാർഗ്ഗത്തിലൂടെ അതിനു നിവർത്തി നേടാമെന്നു വിചാരിച്ച് കർമ്മകലാപങ്ങൾ വർദ്ധിപ്പിച്ചു നോക്കും. പക്ഷെ സുഖം കിട്ടുന്നില്ല എന്നു കാണുന്നു. പിന്നെ അതിൽ നിന്നും പിന്തിരിയുന്നു. അപ്പോൾ ജിജ്ഞാസയുണ്ടായി. തുടർന്നു കർമ്മത്തിന്റെ വഴികൾക്ക് മാറ്റമുണ്ടാകുന്നു. തീർത്ഥാടനങ്ങൾ., പഠനങ്ങൾ, സത്സംഗങ്ങൾ, ദേശാടനങ്ങൾ ഒക്കെ അത്തരം വഴികളാണു. അവയും കർമ്മങ്ങൾ തന്നെ. പക്ഷെ അവ ജീവനേ ബദ്ധമാക്കുന്നില്ല. എന്നു മാത്രമല്ല മുക്തനാക്കാൻ സഹായിക്കുകയും ചെയ്യുന്നു. അങ്ങനെ ജീവൻ പൂർണ്ണതയിലേക്ക് നീങ്ങുന്നു. ആ പൂർണ്ണതയ്ക്ക് ഋഷിമാർ നൽകിയ നാമമാണു ഈശ്വരൻ. ഈശ്വരസാക്ഷാത്ക്കാരത്തിലെത്തി സുഖിയായി ഇരിക്കുക എന്നതാണു ജീവന്റെ ധർമ്മം. എല്ലാവരും യത്നിക്കുന്നതും അതിനു തന്നെയാണു.

Tuesday, July 19, 2011

ദശരഥൻ

ആർക്ക് വേണ്ടിയാണു രാമായണം ഉണ്ടായിട്ടുള്ളത്? നിസംശയം പറയാം. മനുഷ്യനു വേണ്ടി. അപ്പോൾ സ്വാഭാവികമായും മനുഷ്യനെ ഔന്നിത്യത്തിലേക്ക് ഉയർത്തുന്ന എന്തൊക്കെയോ അതിലുണ്ടാവണം. അല്ലെങ്കിൽ അതു കൊണ്ട് പ്രയോജനമില്ല. പ്രയോജനമില്ലാത്തത് ആർക്ക് വേണം?

ഒരു രാജാവിന്റെയും അദ്ദേഹത്തിന്റെ പ്രിയപുത്രന്റേയും ജീവിതചിത്രീകരണമാണു രാമായണമെന്നു ഒറ്റനോട്ടത്തിൽ തോന്നാം. അതിനുമപ്പുറം അതിൽ എന്തെങ്കിലും അടങ്ങിയിട്ടുണ്ടോ? അതന്വേഷിച്ചു ചെല്ലുമ്പോഴാണു നാം അത്ഭുതപ്പെടുന്നത്. ത്രേതായുഗകാലത്തെ ഒരു രാജാവിന്റെ ജീവിതത്തോട് മാത്രമല്ല ഇന്നുള്ള ഏതൊരു മനുഷ്യന്റെ ജീവിതത്തോടും അത് ചേർത്തുവായിക്കാൻ പ്രയാസമില്ല. അപ്പോൾ സാർവ്വജനീനത്വം നേടുന്ന അതിലെ കഥാപാത്രങ്ങൾക്ക് എന്തോ പ്രത്യേകതയുണ്ടായിരിക്കണം. പുറമേ പറയുന്നതിൽ കൂടുതൽ എന്തോ സന്ദേശം അവർക്ക് നൽകാനുണ്ടാവണം. ഈ ചിന്ത മനസിൽ വച്ചുകൊണ്ട് മുന്നോട്ട് നീങ്ങുമ്പോൾ രാമനും ദശരഥനുമൊക്കെ അവരുടെ പുറന്തോടിനുമപ്പുറം വേറെന്തൊക്കെയോ ആണെന്ന് നാം കണ്ടെത്തുന്നു.

പത്തു രഥങ്ങൾ ഉള്ളവനായതു കൊണ്ടാണു അയോദ്ധ്യാധിപനു ദശരഥനാമം ലഭിച്ചത്. ഇതൊരു ഗൌണനാമമാണു. ഗുണത്തോട് ചേർത്തുവച്ച പേര്. ‘ധർമ്മപുത്രർ’എന്നു പറയുന്ന പോലെ. രഥങ്ങൾ എന്നാൽ ഇന്ദ്രിയങ്ങൾ എന്നു അർത്ഥമാക്കണം. ഒരു മനുഷ്യശരീരത്തിനു എന്തായാലും ഒരേസമയം പത്ത് രഥങ്ങൾ പത്തുദിശകളിലേക്ക് ഓടിക്കാനാവില്ല. അപ്പോൾ തന്നെ ഈ രാമകഥ വെറും സാധാരണരായ മനുഷ്യരേക്കുറിച്ചുള്ളതല്ല എന്നു നമുക്ക് ഊഹിക്കാം. പിന്നെ ആരേക്കുറിച്ച് അല്ലെങ്കിൽ എന്തിനേക്കുറിച്ചാണെന്നാണു ചിന്തിക്കേണ്ടത്. അപ്പോൾ നാം എത്തിച്ചേരുന്ന ഒരിടമുണ്ട്. അത് നമ്മുടെ മനസാണു. ആ മനസിൽ നോക്കിയാൽ നാം യഥാർത്ഥ ദശരഥനെ കാണും. ആ ദശരഥനാണു രാമായണത്തിലെ ദശരഥൻ. ഇനിയിപ്പോൾ മുതൽ രാമായണം വായിക്കേണ്ടത് പുറത്തല്ല, അകത്താണു.

അങ്ങനെ വരുമ്പോൾ പത്ത് ഇന്ദ്രിയങ്ങളിലൂടെ ഒരേ സമയത്ത് പ്രവർത്തിക്കാൻ കഴിയുന്നത്ര ധിഷണാവൈഭവമുള്ള ഒരു ശരീരത്തേയാണു ദശരഥൻ എന്ന സംജ്ഞ കൊണ്ട് വിവക്ഷിക്കേണ്ടതെന്നു മനസിലാകുന്നു. ഇതൊരു സാധാരാണ ശരീരമല്ല. കർമ്മേന്ദ്രിയങ്ങളുടേയും ജ്ഞാനേന്ദ്രിയങ്ങളുടേയും കഴിവുകൾ അതിന്റെ പരമകാഷ്ഠയിൽ എത്തിനിൽക്കുന്ന ശരീരമായിട്ട് വേണം അതിനെ എടുക്കേണ്ടത്. അതുകൊണ്ടാണത് രാജാവാണെന്നു പറഞ്ഞത്. ഇനി, ഏതു രാജ്യത്തിന്റെ രാജാവാണു? അയോദ്ധ്യയുടെ. അയോദ്ധ്യയെന്നാൽ യുദ്ധമില്ലാത്തയിടമെന്നാണ്. അയോദ്ധ്യയിലെ രാജാവിനു ശത്രുക്കളില്ല. ബാഹ്യമോ ആഭ്യന്തരമോ ആയ ശത്രുക്കൾ ഉണ്ടെങ്കിലല്ലെ യുദ്ധമുണ്ടാകു? ഇവിടെയതില്ല. കർമ്മ പരിപൂർണ്ണത വന്ന ശരീരമായി നാമിപ്പോൾ ദശരഥനെ കാണുന്നു.

കർമ്മ പരിപൂർണ്ണതയുണ്ടെങ്കിലും, അതായത് ആഗ്രഹിക്കുന്നതെല്ലാം നേടുന്നുണ്ടെണ്ടെങ്കിലും‌‌‌‌‌, ഈ ശരീരം തൃപ്തമല്ല. എന്തിന്റെയോ കുറവുണ്ടെന്ന തോന്നൽ ഇടയ്ക്കിടയ്ക്കുണ്ടാവും. ദശരഥനതു എന്താണെന്നു കണ്ടെത്തി. ഈ ശരീരം തുടർന്നു കൊണ്ടുപോകാൻ ഒരു പുത്രനില്ല. ചിരന്തനനായി ഇരിക്കുക എന്നുള്ളതാണു എത് ശരീരവും കൊതിക്കുന്നത്. അതിനു തന്നേക്കാൾ മികച്ചൊരു പുത്രനുണ്ടാവണം. എല്ലാം തികഞ്ഞിരിക്കണമെങ്കിൽ ഈശ്വരൻ തന്നെ പുത്രനായി ജനിക്കണം. അങ്ങനെയൊക്കെ ചിന്തിക്കണമെങ്കിൽ അതിനു വിവേകം ഉണ്ടായിരിക്കണം. കാശ്യപൻ - അദിതി രൂപത്തിൽ ഉള്ള വിവേകം. ആ വിവേകത്തോടെ ഇരുന്നു ആഗ്രഹിക്കണം. അങ്ങനെ ആഗ്രഹിച്ചും പ്രാരബ്ധ കർമ്മങ്ങളിൽ ഏർപ്പെട്ടു കഴിയുമ്പോൾ ആ കുറവിന്റെ ബോധം ശക്തമാകുന്നു. അപ്പോഴാണു ഗുരുക്കന്മാരുടെ ആവശ്യം. വസിഷ്ഠാദികളാണു ഗുരുക്കന്മാർ. ഗുരുക്കന്മാർക്ക് ലോകഗതി കൈവെള്ളയിലെ നെല്ലിക്ക പോലെ അറിയാം. ഭൂതവും ഭാവിയും ഭവിഷത്തും. അതു കൊണ്ട് അങ്ങനെയുൾലവരുടെ ഉപദേശം തേടുന്നത് യുക്തമാണു. ഈ ശരീരം - ദശരഥൻ- വസിഷ്ഠനുമായി-ജ്ഞാനവുമായി കൂടിയാലോചിച്ചു. എന്താണു പരിഹാരമാർഗ്ഗം? ലോകത്ത് എന്തിനും ഒരൊറ്റ പരിഹാരമേയുള്ളു. അത് തപസാണു. അങ്ങനെയല്ല എന്നു നമുക്ക് ചിലപ്പോൾ തോന്നാം. ഇക്കാണുന്നതൊക്കെ നാം നമ്മൂടെ ബുദ്ധി കൊണ്ടും കൈക്കരുത്തു കൊണ്ടും നേടി എന്നു നമുക്ക് തോന്നാം. അത് അത്ര ശരിയല്ല. ഒരു ഉദാഹരണം: ഈ കമ്പ്യൂട്ടർ. എത്രനാൾ എത്ര മനസ്സുകൾ ആവർത്തിച്ചാവർത്തിച്ചാലോചിച്ചിട്ട്‌- തപസ്സു ചെയ്തിട്ടു - ആ തപം സമഷ്ടിയിലൂടെ വീണ്ടും ചുറ്റി വിദഗ്ധനായ ഒരാളിലൂടെ പുറത്തുവന്നതാണ് ഈ കമ്പ്യൂട്ടർ എന്നു നാം ചിന്തിച്ചിട്ടുണ്ടോ? ഇതിന്റെ ക്രെഡിറ്റ് മുഴുവൻ കിട്ടുന്ന വ്യക്തി ചിലപ്പോൾ പലജന്മങ്ങളിലൂടെ ഈ തപം പിന്തുടർന്നു വന്നതായിക്കൂടെന്നുണ്ടോ? ഇപ്പോൾ അയാൾക്ക് അതുമായി നേരിട്ടൊരു ബന്ധവുമില്ലെന്നു പുറമേക്കു തോന്നിയാലും!

ദശരഥനും അതു തന്നെ ചെയ്യാമെന്നു നിശ്ചയിച്ചു. കർമ്മബദ്ധനായ ശരീരമായതു കൊണ്ടാണു തപസിനു മൌനത്തിനു പകരം യാഗമെന്ന പ്രകടിത രൂപം കൈവന്നത്. യാഗം നടത്താൻ ക്ഷണിച്ചതോ ഋശ്യശൃംഗനേയും. ബ്രഹ്മചര്യത്തിന്റെ അത്യുത്തമ മാതൃക. എം.ടിയുടെ സിനിമ വച്ച് ഈ ഋഷിയെ അളക്കരുത്. സിനിമക്കഥ വേറെ. വ്യാസശില്പം വേറെ. ആ മഹാമുനിയാണു സകലസങ്കട പരിഹാരത്തിനായിക്കൊണ്ട് യാഗമനുഷ്ഠിച്ചത്. ശരീരം ബ്രഹ്മചര്യമനുഷ്ടിച്ച് ഈശ്വരനുമായി താദാത്മ്യപ്പെടാൻ യോഗബുദ്ധ്യാ ഇരുന്നു എന്നു സാരം. അതിലൂടെ പുറത്തേക്ക് വന്നതെന്താണെന്നു പിന്നീട് വിശദമായിക്കാണാം.

അതിനു മുൻപ് നാം വ്യക്തമായി ധരിച്ചിരിക്കേണ്ട ഒരു കാര്യം, നേരത്തെ അത് സൂചിപ്പിച്ചിട്ടുണ്ടെങ്കിൽ കൂടി വീണ്ടും ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുന്നു. ദശരഥൻ എന്നത് മനുഷ്യ ശരീരത്തിന്റെ പ്രതീകമാണു. ഋഷിമാർ ഗുരോപദേശമാണു. യാഗം തപസ്സാണു. ഫലം ഈശ്വരസാക്ഷാത്ക്കാരവും.

Monday, July 18, 2011

ശ്രീരാമഹൃദയം

അനേകം പേർ രാമനൊപ്പം ഉണ്ടായിരുന്നെങ്കിലും രാമതത്ത്വമറിയാൻ ജിജ്ഞാസയുണ്ടായത് ഹനുമാനു മാത്രമായിരുന്നു. ആ അറിവ് കിട്ടുന്നതിനായി അവസാനം വരെ ക്ഷമയോടെ ആഞ്ജനേയൻ കാത്തിരുന്നു.

രാമരാവണ യുദ്ധത്തിൽ വിജയിച്ച് ശ്രീരാമദേവൻ സീതയോടും ലക്ഷ്മണനോടുമൊപ്പം അയോദ്ധ്യയിൽ തിരിച്ചെത്തി. രാമാഭിഷേകവും കഴിഞ്ഞ് ബന്ധുമിത്രാദികൾ പിരിഞ്ഞപ്പോൾ ആഞ്ജനേയൻ മാത്രം രാജസന്നിധിയിൽ അവശേഷിച്ചു. ഹനുമാനെ നോക്കി ശ്രീരാമദേവൻ സീതയോട് പറഞ്ഞു:

- വൈദേഹി, ജനകാത്മജെ, നീ ഹനുമാനെ കണ്ടില്ലെ? നമ്മിൽ ഏറ്റം ഭക്തിയുള്ള ഈ ആഞ്ജനേയൻ ലോകതത്ത്വം അറിയുന്നതിനു വേണ്ടി കാത്തുനിൽക്കുകയാണു. ദേവി, നീയത് അവനു പറഞ്ഞുകൊടുത്താലും.

വാത്സല്യത്തോടെ ഹനുമാനെ നോക്കിയിട്ട് സീതാദേവി പറഞ്ഞു തുടങ്ങി:

-ആഞ്ജനേയാ നീ വിചാരിക്കുന്നുണ്ടാകും ശ്രീരാമദേവനാണു ഇതെല്ലാം ചെയ്തതെന്നു. അല്ലേ?

നീ വിചാരിക്കുന്നത്, ഈ ശ്രീരാമചന്ദ്രൻ ദശരഥ പുത്രനായി അയോദ്ധ്യയിൽ പിറന്നുവെന്നാണോ? പിന്നെ രാക്ഷസന്മാരെ കൊന്നു യാഗം രക്ഷിക്കാനായി വിശ്വാമിത്രനൊപ്പം പോയപ്പോൾ താടകയെ വധിച്ചു?

അഹല്യക്ക് മോക്ഷം കൊടുത്തു. ത്രൈം‌ബകം ഒടിച്ച് എന്നെ വേട്ടു? തിരികെ വരുമ്പോൾ പരശുരാമനെ പോരിൽ ജയിച്ചു? കൈകേകി രാജ്യാഭിഷേകം മുടക്കിയപ്പോൾ അച്ഛന്റെ വാക്ക് പാലിക്കാൻ ലക്ഷ്മണനൊപ്പം വനത്തിനു പോയി? ഭരതനെ രാജാവായി വാഴിച്ചു. വിരാധനെ വധിച്ചു. അഗസ്ത്യാദി മുനികളെ കണ്ടു. ഖരദൂഷണത്രിശിരാക്കളെ കൊന്നു? ശൂർപ്പണഖ ചെന്നു രാവണനോട് പറഞ്ഞപ്പോൾ മാനായി വന്ന മാരിചനെ അമ്പെയ്തു വധിച്ചു. സുഗ്രീവനുമായി സഖ്യം ചെയ്തു. ഹനുമാനെ ലങ്കയിലയച്ചു. വൻ പടയോട് ചെന്നു രാവണനെ പോരിൽ കൊന്നു.

ഇതെല്ലാം ഈ രാമൻ ചെയ്തെന്നാവും നീ വിചാരിക്കുന്നത്. ഇല്ല, ആഞ്ജനേയാ. ഈ രാമൻ ഒന്നും ചെയ്തില്ല.

രാമൻ കർത്താവോ ഭോക്താവോ അല്ല. സത്താമാത്രനാണവൻ.
ഞാനോ മൂലപ്രകൃതിയായിരിക്കുന്ന ദേവിയും.
ഞാനാണിതെല്ലാം ചെയ്യിക്കുന്നത്. അതാവട്ടെ ഈ പരമപുരുഷന്റെ സാന്നിദ്ധ്യം ഒന്നുകൊണ്ടു മാത്രം. അങ്ങനെയല്ലാതെ ഒന്നും ചെയ്യാനാവില്ല.

പക്ഷെ ഇതൊക്കെ ചെയ്തത് രാമനാണെന്നു വിവേകമില്ലാത്ത ജനമെല്ലാം വിചാരിക്കും.

ഇങ്ങനെ പറഞ്ഞ് കേട്ടപ്പോൾ ഹനുമാനു സംശയം വർദ്ധിച്ചു. താൻ കേൾക്കുകയും കാണുകയും ചെയ്ത പലതുമുണ്ടല്ലോ സീതാദേവി പറയുന്നതിൽ. അതൊക്കെ അസത്യമാണോ? എന്തു കൊണ്ടാണു ദേവി ഇങ്ങനെയൊക്കെ പറയുന്നത്? ആഞ്ജനേയനു സംശയമായി. അത് മനസിലാക്കിയ രാമൻ ഇപ്രകാരം പറഞ്ഞു.

- ആഞ്ജനേയാ നീ മഹാകാശം എന്നു കേട്ടിട്ടില്ലെ? ഇക്കാണയതൊക്കെ കൂടിച്ചേരുന്നത് മഹാകാശത്തിലാണു. ആ ആകാശത്തിന്റെ ഒരു രൂപം മാത്രമാണു നീ കാണുന്ന നീലാകാശം. അത് നീലമേലാപ്പുപോലെ തോന്നിക്കുന്നെന്ന് മാത്രമേയുള്ളു. യഥാർത്ഥത്തിൽ അങ്ങനെയൊന്നില്ല.

ഈ മഹാകാശത്തിൽ ഒരു ഘടം(കുടം) ഇരുന്നാൽ ആ ഘടത്തിനുള്ളിലും ഒരു ആകാശമുണ്ടായിരിക്കും. അതിനെ ഘടാകാശമെന്നു പറയും. ഈ ഘടാകാശമാകട്ടെ ഘടം പൊട്ടിപ്പോകുന്നതോടെ മഹാകാശമായിത്തീരുന്നു. അതുപോലെയാണു ജീവാത്മാ-പരമാത്മാ ബന്ധവും.

തുടർന്നു ഈ തത്ത്വമുൾക്കൊള്ളുന്ന ‘ശ്രീരാമഹൃദയം’ എന്ന മന്ത്രം ആഞ്ജനേയനു ഉപദേശിച്ചു കൊടുത്തു. ആഞ്ജനേയനു കാര്യമെല്ലാം മനസിലായി. അതുൾക്കൊണ്ടിരിക്കുന്ന കഥയാണു ശ്രീപരമേശ്വരൻ ശ്രീപാർവ്വതീദേവിക്ക് പറഞ്ഞ് കൊടുത്തത്. ചുരുക്കിപ്പറഞ്ഞ കഥ വിശദമായിക്കേൾക്കാൻ ദേവി ആഗ്രഹം പ്രകടിപ്പിച്ചു.

ആരാണു ഈ രാമനും ദശരഥനും കൈകേകിയുമൊക്കെ? എന്താണു ശാപവും ശാപമോക്ഷവും? എന്തുകൊണ്ടാണു വധിക്കപ്പെട്ടവർ വിദ്യാധരന്മാരും ഗന്ധർവ്വന്മാരുമായി മാറുന്നത്? യുദ്ധം എന്നാലെന്താണു? അസ്ത്രങ്ങൾ കൊണ്ട് എന്താണുദ്ദേശിക്കുന്നത്? ഓരോന്നും വിശദമാകുമാറ് രാമകഥ പ്രതിപാദിക്കണമെന്നു ദേവി നിർബ്ബന്ധം പിടിച്ചു. ആ കഥ മുഴുവൻ ദേവൻ ദേവിക്ക് പറഞ്ഞുകൊടുക്കുന്നതായിട്ടാണു അദ്ധ്യാത്മരാമായണത്തിന്റെ രൂപകല്പന.

രാമതത്ത്വത്തെ ഒരു രാജാവിന്റെ ജീവിതകഥയിൽ ഉൾപ്പെടുത്തി ജീവിതഗന്ധികളായ ഒട്ടേറെ സന്ദർഭങ്ങൾ ചേർത്തു മനുഷ്യജീവിതത്തിന്റെ ഊടും പാവും നെയ്തെടുത്തു കൊണ്ടാണു അദ്ധ്യാത്മരാമായണം പൂർണ്ണമാകുന്നത്. രാമായണത്തിലെ തത്ത്വചിന്തയെ ലക്ഷണാ ന്യായങ്ങളിലൂടെ ഇനി പരിശോധിച്ചു നോക്കാം.

ആദ്യം ആരാണു ഈ ദശരഥൻ എന്നു നോക്കാം. അത് അടുത്ത പോസ്റ്റിൽ!!