Wednesday, July 27, 2011

മാരീചൻ

കാമം ആത്മീയ പുരോഗതിക്ക് ഏറെ തടസ്സമുണ്ടാക്കുന്ന ഒന്നാണ്. കാമത്തെ വെന്നു എങ്ങനെ ഉന്നതി നേടാം? ഒരു സാധകൻ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യമാണത്. രാമായണത്തിലെ വിശ്വാമിത്രൻ എന്ന ഗുരു സാധകനായ രാമനോട് അത് വിശദീകരിച്ച് കൊടുക്കുന്നതിൺഗനെയാണു:

                                      കാടിതു കണ്ടായോ നീ കാമരൂപിണിയായ
                                      താടകാഭയങ്കരി വാണീടും ദേശമിത്
                                      അവളേപ്പേടിച്ചാരുമിതുവഴി നടപ്പീല
                                      ഭുവനവാസിജനം ഭുവനേശ്വരാ പോറ്റീ


നമ്മൂടെ മനസിനെ ചൂണ്ടിക്കാണിച്ചാ‍ണു അത് പറയുന്നത്. മനസ്സാണു കൊടുംകാട്! അവിടെ പുളക്കുന്ന കാമത്തിനെ താടക എന്നു പറയും. കാടിനൊരു സവിശേഷതയുണ്ട്. കാണുമ്പോൾ കാട് മനോഹരമാണു. പക്ഷെ അതിലേക്കിറങ്ങി ചെന്നാൽപ്രവചനാതീതവും. എന്തൊക്കെ എവിടെ ഒളിച്ചിരിപ്പുണ്ടെന്നറയില്ല. ഏതൊക്കെ അപകടങ്ങൾ പതിയിരിപ്പുണ്ടെന്നും അറിയില്ല. വഴി തെറ്റാൻ വളരെ എളുപ്പം. അതുപോലെ തന്നെയാണു നമ്മുടെ മനസ്സും. മനസ് നല്ലതാണു. മനോഹരമാണ്. പക്ഷെ അതിൽ എന്തൊക്കെയാണു ഉള്ളതെന്നു പ്രവചിക്കാനാകില്ല. അതിലേക്കിറങ്ങുമ്പോൾ വളരെ സൂക്ഷിക്കണം. മനസിൽ താടകയുണ്ട്. ജ്വലിക്കുന്ന കാമം. അപക്വമായ ആശകൾ എന്നാണ് കാമമെന്ന വാക്കിന്റെ അർത്ഥം. കാ ആമം!

മനസിന്റെ അന്തർതലങ്ങൾ ദർശിച്ച അനേകം ഋഷിമാർ നമുക്കുണ്ട്. ഋശ്യശൃംഗൻ അതിൽ ഒരാളാണു. സ്വപ്നങ്ങളേ ആധാരമാക്കി ആ മുനി നടത്തിയ പഠനങ്ങൾ ഇന്നും പ്രസക്തമാണു. പ്രമാണമാണു. ആ ഗ്രന്ഥം ഇപ്പോൾ വീണ്ടും ലഭ്യമാണെന്നു തോന്നുന്നു.

മനസിന്റെ  വൈചിത്ര്യം മനസിലാക്കിയവരാണു മുനിമാർ. അതു കൊണ്ടാണു സാധനയിൽ മനസംയമനത്തിനു വളരെ പ്രാധാന്യം കൊടുത്തിരിക്കുന്നത്. ആത്മീയ പുരോഗതിക്ക് മാത്രമല്ല സ്വസ്ഥജീവിതം നയിക്കണമെങ്കിലും മനസിനെ അടക്കണമെന്നു അവർ ഉപദേശിച്ചു. മനസിലെ സകല കാമവാസകളേയും ഒന്നു ചേർത്താണു താടകയെന്നു അവർ പറയുന്നത്. അല്ലാതെ ഒരു സ്ത്രീയെന്ന സങ്കല്പത്തിലല്ല.

താടക എന്ന പേർ കേൾക്കുമ്പോൾ തന്നെ ഭയമുളവാകും. കാമവും അതു പോലെയാണു. ആലോചിച്ചാൽ പേടി വരും. പക്ഷെ കാമം ഉണർന്നു വന്നാൽ വശംവദരായിപ്പോകുകയും ചെയ്യും. അതു കൊണ്ടാണു താടക  സുന്ദരിയാണു എന്നു പറഞ്ഞിരിക്കുന്നത്.

കാമത്തെ അടക്കാനാണു വിശ്വാമിത്രൻ രാമനോട് ആവശ്യപ്പെട്ടത്. ഇല്ലെങ്കിൽ സാധകനെന്ന നിലയിൽ ജീവനു അല്പം പോലും പുരോഗതിയുണ്ടാവില്ല. അതാണു താടകയെ കൊല്ലുവാൻ രാമനോട് പറയുന്നതിലൂടെ വിശ്വാമിത്രൻ സാധകർക്ക് നൽകുന്ന സന്ദേശം. അതിനുള്ള വിദ്യകളും പറഞ്ഞു കൊടുക്കുന്നുണ്ട്. മന്ത്രം കൊണ്ട് സൂചിപ്പിക്കുന്നത് അതാണു. അത് മനസിൽ ധരിച്ചു കഴിഞ്ഞാൽ മനോബലരൂപത്തിലുള്ള പരിചകളും കാമത്തെ അടക്കുന്ന ചിന്തകളാകുന്ന അസ്ത്ര ശസ്ത്രങ്ങളും സാധകനു സായത്തമാകുന്നു. അറിവു കിട്ടിയാലും പ്രയോഗസാമർത്ഥ്യം ഇല്ലെങ്കിൽ എന്ത് പ്രയോജനം? പക്ഷെ രാമൻ ഉന്നതമായ അസ്ത്രശസ്ത്രങ്ങൾ കൊണ്ട് താടകയെ വധിച്ചു എന്നാണു കവി പറഞ്ഞിരിക്കുന്നത്.

കാമം, സുഖം ദു:ഖം എന്നീ രണ്ട് ഭാവങ്ങൾ ഉൾക്കൊണ്ടതാണു. കാമന സാധിക്കുമ്പോൾ അത് അനുകൂല വേദനീയമാകും. അതിനെ സുഖമെന്നു പറയും. സാധിക്കാതെ വരുമ്പോൾ പ്രതികൂല വേദനീയവും. അത് ദു:ഖം. താടകയ്ക്കു രണ്ട് സഹോദരന്മാർ ഉള്ളതായി പറയുന്നത് അതിനെയാണ്. സുബാഹുവും മാരീചനുമാണു താടകയുടെ സഹോദരർ. സുബാഹു സുഖവും മാരീചൻ ദുഖവുമാണു. സുഖത്തിന്റെ പ്രതീകമായ സുബാഹുവിനെ ഹനിക്കുക പ്രായേണ എളുപ്പമാണു. വേഗത്തിൽ മടുക്കുന്നതു സുഖമാണല്ലോ. പക്ഷേ, ദു:ഖങ്ങൾ. അവ ആദ്ധ്യാത്മികവും ആധിഭൌതീകവും,  ആധിദൈവീകവുമായി അനേകമുണ്ട്. ആ ദു:ഖങ്ങളിൽ പലതിനേയും താൽക്കാലികമായി മനസിൽ നിന്നു അകറ്റി നിർത്താൻ നമുക്ക് കഴിയാറുണ്ട്. പക്ഷേ വീണ്ടും അനുകൂല സാഹചര്യമുണ്ടാകുമ്പോൾ അവ മറവിൽ നിന്നും പുറത്തുവരും. മാരീചന്റെ സൂചന അതാണു. ഒരിക്കൽ തിരിച്ചറിഞ്ഞ ആ വസ്തുത രാമൻ വിസ്മരിക്കുന്നതായി രാമായണത്തിൽ കാണാം. താടകാവധ വേളയിൽ ഓടിയൊളിക്കുന്ന മാരിചൻ പിന്നെ വീണ്ടും വരുന്നുണ്ട്. അപ്പോൾ അതിനെ തിരിച്ചറിയാൻ പറ്റാതെ അതിനു പിന്നാലെ പോകുകയാണു രാമൻ. ദു:ഖത്തിന്റെ കാര്യം അങ്ങനെയാണു. നമുക്കെല്ലാം ഇഷ്ടമുള്ള ഒരു വിനോദമാണിത്. പത്രത്തിൽ ഒരാൾക്കുണ്ടായ ദുരിതഗതി കണ്ടാൽ അവരോട് സഹതാപം പ്രകടിപ്പിക്കുകയാണെന്ന മട്ടിൽ അതാസ്വദിക്കും. ആസ്വദിക്കും എന്നു പറഞ്ഞത് സന്തോഷത്തിന്റെ രസാസ്വാദനമല്ല. സന്താപത്തിന്റെ രസാസ്വാദനം. വിഷമം നേരിടുന്നവരോട് സഹതാപമുണ്ടെങ്കിൽ അവരെ പോയി സഹായിക്കണം. പക്ഷെ അതല്ല പലപ്പോഴും ചെയ്യാറുള്ളത്. പകരം അതിൽ രമിക്കും. സന്നദ്ധ സംഘടനകൾ ചെയ്യുന്നു എന്നു പറയാറുള്ള സഹായങ്ങളും ഇക്കൂട്ടത്തിൽ പെടും. വികലാംഗർക്ക് വീൽചെയർ നൽകി, മെഡിക്കൽ ക്യാമ്പ് നടത്തി എന്നൊക്കെ കേൾക്കുമ്പോൾ മനസിലാക്കിക്കൊള്ളുക മാരീചൻ ഒളിച്ചിട്ടേയുള്ളു. അവസരം നോക്കി പൂർവ്വാധികം ശക്തിയായി അവൻ തിരികെ എത്തും. അപ്പോൾ സീത നഷ്ടപ്പെട്ട രാമനേപ്പോലെ വിലപിക്കേണ്ടി വരികയും ചെയ്യും. അതിനു പകരം കാമങ്ങളെ വിവേകത്തോടെ നോക്കിക്കണ്ട് അതിജീവിക്കണം.

4 comments:

അശോക് കർത്താ said...

കാമം, സുഖം ദു:ഖം എന്നീ രണ്ട് ഭാവങ്ങൾ ഉൾക്കൊണ്ടതാണു. കാമന സാധിക്കുമ്പോൾ അത് അനുകൂല വേദനീയമാകും. അതിനെ സുഖമെന്നു പറയും. സാധിക്കാതെ വരുമ്പോൾ പ്രതികൂല വേദനീയവും. അത് ദു:ഖം.

Anonymous said...

good sir
ഹേയം ദുഃഖമനാഗതം!

Sandeep.A.K said...

Reading..

പാര്‍ത്ഥന്‍ said...

പാവമായ രാവണനെയും ബാലിയെയും ശംബുകനെയും താടകയെയും കൊന്നിട്ട് ഇപ്പോൾ ഇതെല്ലാം തത്വങ്ങളായിരുന്നു എന്നു പറഞ്ഞാൽ, അതെല്ലാം വിശ്വസിക്കാനേ. ഇമ്മണി പുളിക്കും.

രാമായണമാസം പിറക്കുമ്പോഴും, പഴയ കമ്മ്യൂണിസ്റ്റായ എന്റെ അച്ഛനും പറഞ്ഞു; രാമനല്ല, രാവണനാണ് രാമായണത്തിലെ നല്ല കഥാപാത്രം എന്ന്. വൽമീകീരാമായണത്തെ വ്യാഖ്യാനിച്ച് അത്രയും വികലമാക്കിയിരിക്കുന്നു.

രാമായണത്തെയും കൂട്ടുപിടിച്ച് ഒരു കുറിപ്പെഴുതിയിരുന്നു, ഇവിടെ.