Friday, July 29, 2011

യാഗരക്ഷ

ശരീരം ജീവനെ അന്വേഷിക്കുകയും അത് കണ്ടെത്തുകയും ചെയ്തു. ആ ജീവനെ സത്സംഗത്തിലൂടെ പൂർണ്ണതയിലേക്കു ഉയർത്താൻ ഗുരുപാദത്തിലിരുന്നു പാഠം ചെയ്തു. പഠിച്ച പാഠങ്ങൾ സാധനയിലൂടെ ഉറപ്പിക്കാൻ ജീവൻ പുറപ്പെടുന്നു. അതിനായി കാരണഗുരുവന്നെത്തി. സാധനയ്ക്ക് ആദ്യം ആവശ്യമായിട്ടുള്ളത് മനസിന്റെ അടക്കമാണു. കാമത്തെ അടക്കുകയും അതിന്റെ സഹജസൃഷ്ടികളായ സുഖദു:ഖങ്ങളെ സമഭാവനയോടെ കാണാൻ ശീലിക്കുകയും വേണം. നിഷ്കാമ കർമ്മയോഗമാണു വിശ്വാമിത്രയാഗം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. അത് അനുഷ്ടിച്ചങ്കിലെ സാധകനു അടുത്ത പടിയിലേക്ക് കയറുവാൻ സാധിക്കു. നിഷ്കാമകർമ്മം അനുഷ്ഠിക്കണമെങ്കിൽ സകലവിധ സംഗത്തിൽ നിന്നും ഒഴിഞ്ഞു നിൽക്കണം. മമതയുണ്ടാകരുത്. എല്ലാത്തിനേയും സമഭാവനയോടെ കാണാൻ കഴിയണം. രാമൻ അതിൽ വിജയിക്കുന്നതാണു വിശ്വാമിത്രന്റെ യാഗരക്ഷ ചെയ്തു എന്നു പറയുന്നതിലൂടെ അർത്ഥമാക്കുന്നത്.

അടുത്ത പടി പ്രണവസാധനയാണു. അതിനു വിദേഹത്തിലേക്ക് പോകണം. ആ യാത്രയിലാണു കല്ലായികിടക്കുന്ന അഹല്യക്ക് മോക്ഷം ലഭിക്കുന്നത്. രാമനേ മാത്രം ഓർത്തു ശിലയായി കിടക്കുകയായിരുന്നു അഹല്യ. അത് രാമന്റെ തന്നെ കുണ്ഡലിനീശക്തിയാണു. ഈശ്വരഭാവം മാത്രമേ അതിനു ലക്ഷ്യമായുള്ളു. പക്ഷെ അതു ഉണർന്നിരുന്നില്ല. അല്ലെങ്കിൽ സംസാരബദ്ധനാകുക വഴി അത് മൂലാധാരത്തിൽ മറഞ്ഞ് കിടക്കുകയാണു. സംസാരത്തിന്റെ ഫലം പാപമാണെന്ന സൂചനയും ഇവിടെയുണ്ട്. അതുല്യ തപോധനനായ ഗൌതമ മഹർഷിയുടെ പത്നിയാണു അഹല്യ. എന്നിട്ടു കൂടി ഇന്ദ്രന്റെ വഞ്ചന തിരിച്ചറിയാൻ ആവാതെ മോഹിപ്പിക്കപ്പെട്ടു. ആ വ്യതിചലനത്തിനു ആയിരത്താണ്ടുകളുടെ തപസ്സു വേണ്ടി വന്നു മോചനം കിട്ടാൻ. നമ്മുടെ കുണ്ഡലിനി ശക്തിയും അങ്ങനെ പാപം കൊണ്ട് മൂലാധാരത്തിൽ അമർന്നു കിടക്കുകയാണു. ആ പാപത്തിന്റെ പുരുഷമുഖം ശാപരൂപത്തിൽ വേറെ നാം കാണുന്നുണ്ട്. സഹസ്രഭഗനാകുക എന്നതാണു അത്. അതികാമത്തേയാണു സഹസ്രഭഗത്ത്വം കൊണ്ട് അർത്ഥമാക്കേണ്ടത്. ഇന്നത്തെ ലോകത്തിൽ ആ ശാപം കിട്ടിയ അനേകം പേരുണ്ടെന്നു തോന്നുന്നു. ദിനവും മാദ്ധ്യമങ്ങളിൽ കാണുന്ന വാർത്തകൾ നൽകുന്ന സൂചനയതാണു. ധനത്തിനു, സ്ത്രീക്ക്, സ്വത്തിനു, അധികാരത്തിനു ഒക്കെയായി എത്രപേരാണു ജീവനേ ഞെരിച്ചമർത്തിക്കൊണ്ട് ഇറങ്ങിപ്പുറപ്പെടുന്നത്? കാമിയായി നടക്കുന്നത്. വിഹിതമാണൊ, അവിഹിതമാണോ എന്നൊന്നും ചിന്തിക്കാതെ കാമത്തിനു അടിപ്പെടുന്നവരുടെ എത്രവേണമെങ്കിലും കഥകൾ കാണാനുണ്ട്. അവരെല്ലാം സഹസ്രഭഗന്മാരാണു. ഇന്ദ്രൻ വിഷമിച്ചതു പോലെ അവരും വിഷമിക്കുകയാണു. പുറമേ സന്തുഷ്ടരാണെന്നു ഭാവിക്കുന്നുണ്ടെങ്കിൽ പോലും!

ഈശ്വരഭാവം എല്ലാരിലും ഒരുപോലെ കിടപ്പുണ്ട്. അഹല്യയായി. പക്ഷെ നാം അത് തിരിച്ചറിയുന്നില്ല. അതിനെ ഉണർത്തി ഈശ്വരാവസ്ഥയിലേക്ക് ഉയർത്തുക എന്നുള്ളതാണു ഓരോമനുഷ്യന്റേയും ജന്മോദ്ദേശം. അപ്പോൾ അവനവനും ലോകത്തിനു തന്നെയും ശാന്തി കിട്ടും.

സാധകന്റെ മൂലാധാരത്തിൽ ഉറഞ്ഞുകിടക്കുന്ന കുണ്ഡലിനീശക്തിയെ സാധകൻ ഉണർത്തി. അതിനെ സഹസ്രാരപദ്മത്തിലേക്കുയർത്തുന്ന ശ്രമമാണിനി വേണ്ടത്. അതിനു പ്രണവോപാസനയാണു വഴി. പരമമായ ശാന്തികിട്ടുന്ന പ്രണവോപാസനക്ക് സാധകൻ യോഗ്യനായി. ശിവചാപം കാണാൻ പോകാൻ തീരുമാനിക്കുന്നത് അതു കൊണ്ടാണ്. അങ്ങനെ ഉപാസനാ മാർഗ്ഗത്തിലേക്ക് വരുന്ന ജീവൻ തെരെഞ്ഞെടുക്കുന്നത് നിർഗ്ഗുണ നിരാകാര ബ്രഹ്മാവസ്ഥയാണു. അതിന്റെ പ്രതിരൂപമാണു പ്രണവം. പ്രണവത്തെ ത്രയ്യമ്പകം എന്ന വില്ലായാണു ചിത്രീകരിച്ചിരിക്കുന്നത്. സൂക്ഷിച്ചു നോക്കിയാൽ വില്ലെന്ന ഭാവനയിൽ ഓം എന്ന അക്ഷരത്തെ കാണാൻ കഴിയും. ദേവനാഗരിയിലെ ഓമും വില്ലിനും ഏകദേശം ഒരേ രൂപം തന്നെയാണു. പ്രണവത്തെ ധനുസ്സായിത്തന്നെയാണു വേദങ്ങൾ പറയുന്നത്.

                                      പ്രണവോ ധനു: ശരോഹ്യാത്മാ ബ്രഹ്മതല്ലക്ഷ്യമുച്യതേ
                                      അപ്രമത്തേനവേദ്ധവ്യം ശരവത് തന്മയോ ഭവേത്

പ്രണവമെന്നത് ധനുസാണു. ആ ധനുസിന്റെ ശരമാണു ജീവാത്മാവ്. ബ്രഹ്മം അതിന്റെ ലക്ഷ്യമാകുന്നു. നമ്മൂടെ ജീവാത്മാവിനെ പ്രണവമാകുന്ന വില്ലിൽ കുലച്ച് ബ്രഹ്മലക്ഷ്യത്തിലേക്കയക്കുന്നതാണു പ്രണവോപാസന. പ്രണവമാകുന്ന വില്ലിൽ ജീവനാകുന്ന ശരത്തിനെ വച്ചയക്കാൻ നല്ല തന്മയത്വമുള്ളവനേ കഴിയു. ശരത്തിലാണു തന്മയത്വമുണ്ടാകേണ്ടത്. ആയോധനപരീശലനം എന്നത് കൊണ്ട് പ്രണവോപാസനയെന്നു ധരിച്ചു കൊള്ളണം. അല്ലാതെമാനിനേയോ മരപ്പെട്ടിയേയോ പിടിക്കാനുള്ള അമ്പെയ്ത്തായി ധരിച്ചാൽ അബദ്ധമാകും. പക്ഷെ ചിത്രകഥകളും വിവേകമില്ലാത്ത അമ്പലപ്രസംഗക്കാരും അബദ്ധമായി ധരിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നുണ്ട്. ഇന്ത്യയിൽ പണ്ട് അങ്ങോട്ട് പോയി ലക്ഷ്യം ഭേദിച്ച് തിരിച്ചെത്തുന്ന അസ്ത്രശസ്ത്രങ്ങൾ ഉണ്ടായിരുന്നു. അവ ഇന്നത്തെ വാർഫെയറുകളിലെ സമാനമായ ആയുധങ്ങൾ തന്നെ എന്നു വീമ്പിളക്കുന്നവർ അസ്ത്ര-ശസ്ത്രങ്ങളുടെ യാഥാർത്ഥ്യം മനസിലാക്കിയിട്ടില്ലെന്നു ഊഹിക്കണം.

രാമൻ ത്രയ്യംബകം ഒടിച്ച് സീതയെ വേട്ടു. എന്താണതിന്റെ സാരം? സാധനയിൽ ജീവൻ വിജയിച്ചു. അതിനു മുൻപ് പലരും ശ്രമിച്ചെങ്കിലും ശൈവചാപം ഒന്നു ചലിപ്പിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. പക്ഷെ രാമൻ അത് നിഷ്പ്രയാസം സാധിച്ചു. അതിന്റെ അർത്ഥം, സാധകൻ പ്രണവോപാസനയിൽ പ്രാണനെ നേരെ നിർത്തി ലയം സാധിച്ച് ബ്രഹ്മവിദ്യാപ്രാപ്തിയിൽ എത്തി. സീത ബ്രഹ്മവിദ്യയാണു. സീതയെ ലഭിച്ചാൽ, ബ്രഹ്മവിദ്യാപ്രാപ്തിയുണ്ടായാൽ ആത്യന്തിക ദു:ഖനിവർത്തിയുണ്ടാവുകയും സുഖം ലഭിക്കുകയും ചെയ്യും. സാധകൻ ആ തലത്തിൽ എത്തിക്കഴിഞ്ഞിരിക്കുന്നു.

6 comments:

അശോക് കർത്താ said...

പ്രണവോ ധനു: ശരോഹ്യാത്മാ ബ്രഹ്മതല്ലക്ഷ്യമുച്യതേ
അപ്രമത്തേനവേദ്ധവ്യം ശരവത് തന്മയോ ഭവേത്

Anonymous said...

very good sir
നിത്യവും കിഴക്ക് ഉദിച്ച് പടിഞ്ഞാറ് അസ്തമിക്കുന്ന സൂര്യനെ കാണുന്ന ബാലനോട് ..നമ്മള്‍ വസിക്കുന്ന ഈ ഭൂമി സ്വയം കറങ്ങുന്നുണ്ട് എന്ന് പറഞ്ഞാല്‍ അവന്‍ സമ്മതിച്ച് തരുമോ???കാരണം ശാസ്ത്രബോധം അഭ്യസിച്ചില്ല എന്നത് തന്നെ...സാറിന്റെ ഈ പ്രയത്നം വിലമതിക്കുന്നവര്‍ ഈ സൈബര്‍ യുഗത്തില്‍ ഒരു ന്യൂനപക്ഷം മാത്രം ആയിരിക്കും..പക്ഷെ.."കാലോഹ്യയം നിരവധിര്‍ വിപുലാ ച പൃഥ്വീ" എന്നാണു ഭവഭൂതിയുടെ അഭിപ്രായം..കാലങ്ങള്‍ കഴിഞ്ഞും പലതും സ്മരിക്കപെടും..

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

വളരെ വളരെ നന്നായിരിക്കുന്നു നന്ദി

jp said...
This comment has been removed by the author.
jp said...

രാമായണവായന ഇന്ന് വെറുമൊരു ചടങ്ങായി മാറി.
രാമായണം ഒരു പുനര്‍ വായനയ്ക്ക് ഇത് പ്രേരകമാകും.
കര്‍ത്താ, എല്ലാ പോസ്റ്റുകളും വായിച്ചു...ഉര്‍വ്വശീശാപം ഉപകാരമായി. സംഗതി പിടികിട്ടിയല്ലോ?
ഇവിടെ ഞാനൊന്ന് പരിചയപ്പെടുത്തീട്ടുണ്ട്..
http://www.orkut.co.in/Main#CommMsgs?cmm=107252803&tid=5531747367136773317&na=2&nst=26

Sandeep.A.K said...

Reading.. Thanks..