Tuesday, July 19, 2011

ദശരഥൻ

ആർക്ക് വേണ്ടിയാണു രാമായണം ഉണ്ടായിട്ടുള്ളത്? നിസംശയം പറയാം. മനുഷ്യനു വേണ്ടി. അപ്പോൾ സ്വാഭാവികമായും മനുഷ്യനെ ഔന്നിത്യത്തിലേക്ക് ഉയർത്തുന്ന എന്തൊക്കെയോ അതിലുണ്ടാവണം. അല്ലെങ്കിൽ അതു കൊണ്ട് പ്രയോജനമില്ല. പ്രയോജനമില്ലാത്തത് ആർക്ക് വേണം?

ഒരു രാജാവിന്റെയും അദ്ദേഹത്തിന്റെ പ്രിയപുത്രന്റേയും ജീവിതചിത്രീകരണമാണു രാമായണമെന്നു ഒറ്റനോട്ടത്തിൽ തോന്നാം. അതിനുമപ്പുറം അതിൽ എന്തെങ്കിലും അടങ്ങിയിട്ടുണ്ടോ? അതന്വേഷിച്ചു ചെല്ലുമ്പോഴാണു നാം അത്ഭുതപ്പെടുന്നത്. ത്രേതായുഗകാലത്തെ ഒരു രാജാവിന്റെ ജീവിതത്തോട് മാത്രമല്ല ഇന്നുള്ള ഏതൊരു മനുഷ്യന്റെ ജീവിതത്തോടും അത് ചേർത്തുവായിക്കാൻ പ്രയാസമില്ല. അപ്പോൾ സാർവ്വജനീനത്വം നേടുന്ന അതിലെ കഥാപാത്രങ്ങൾക്ക് എന്തോ പ്രത്യേകതയുണ്ടായിരിക്കണം. പുറമേ പറയുന്നതിൽ കൂടുതൽ എന്തോ സന്ദേശം അവർക്ക് നൽകാനുണ്ടാവണം. ഈ ചിന്ത മനസിൽ വച്ചുകൊണ്ട് മുന്നോട്ട് നീങ്ങുമ്പോൾ രാമനും ദശരഥനുമൊക്കെ അവരുടെ പുറന്തോടിനുമപ്പുറം വേറെന്തൊക്കെയോ ആണെന്ന് നാം കണ്ടെത്തുന്നു.

പത്തു രഥങ്ങൾ ഉള്ളവനായതു കൊണ്ടാണു അയോദ്ധ്യാധിപനു ദശരഥനാമം ലഭിച്ചത്. ഇതൊരു ഗൌണനാമമാണു. ഗുണത്തോട് ചേർത്തുവച്ച പേര്. ‘ധർമ്മപുത്രർ’എന്നു പറയുന്ന പോലെ. രഥങ്ങൾ എന്നാൽ ഇന്ദ്രിയങ്ങൾ എന്നു അർത്ഥമാക്കണം. ഒരു മനുഷ്യശരീരത്തിനു എന്തായാലും ഒരേസമയം പത്ത് രഥങ്ങൾ പത്തുദിശകളിലേക്ക് ഓടിക്കാനാവില്ല. അപ്പോൾ തന്നെ ഈ രാമകഥ വെറും സാധാരണരായ മനുഷ്യരേക്കുറിച്ചുള്ളതല്ല എന്നു നമുക്ക് ഊഹിക്കാം. പിന്നെ ആരേക്കുറിച്ച് അല്ലെങ്കിൽ എന്തിനേക്കുറിച്ചാണെന്നാണു ചിന്തിക്കേണ്ടത്. അപ്പോൾ നാം എത്തിച്ചേരുന്ന ഒരിടമുണ്ട്. അത് നമ്മുടെ മനസാണു. ആ മനസിൽ നോക്കിയാൽ നാം യഥാർത്ഥ ദശരഥനെ കാണും. ആ ദശരഥനാണു രാമായണത്തിലെ ദശരഥൻ. ഇനിയിപ്പോൾ മുതൽ രാമായണം വായിക്കേണ്ടത് പുറത്തല്ല, അകത്താണു.

അങ്ങനെ വരുമ്പോൾ പത്ത് ഇന്ദ്രിയങ്ങളിലൂടെ ഒരേ സമയത്ത് പ്രവർത്തിക്കാൻ കഴിയുന്നത്ര ധിഷണാവൈഭവമുള്ള ഒരു ശരീരത്തേയാണു ദശരഥൻ എന്ന സംജ്ഞ കൊണ്ട് വിവക്ഷിക്കേണ്ടതെന്നു മനസിലാകുന്നു. ഇതൊരു സാധാരാണ ശരീരമല്ല. കർമ്മേന്ദ്രിയങ്ങളുടേയും ജ്ഞാനേന്ദ്രിയങ്ങളുടേയും കഴിവുകൾ അതിന്റെ പരമകാഷ്ഠയിൽ എത്തിനിൽക്കുന്ന ശരീരമായിട്ട് വേണം അതിനെ എടുക്കേണ്ടത്. അതുകൊണ്ടാണത് രാജാവാണെന്നു പറഞ്ഞത്. ഇനി, ഏതു രാജ്യത്തിന്റെ രാജാവാണു? അയോദ്ധ്യയുടെ. അയോദ്ധ്യയെന്നാൽ യുദ്ധമില്ലാത്തയിടമെന്നാണ്. അയോദ്ധ്യയിലെ രാജാവിനു ശത്രുക്കളില്ല. ബാഹ്യമോ ആഭ്യന്തരമോ ആയ ശത്രുക്കൾ ഉണ്ടെങ്കിലല്ലെ യുദ്ധമുണ്ടാകു? ഇവിടെയതില്ല. കർമ്മ പരിപൂർണ്ണത വന്ന ശരീരമായി നാമിപ്പോൾ ദശരഥനെ കാണുന്നു.

കർമ്മ പരിപൂർണ്ണതയുണ്ടെങ്കിലും, അതായത് ആഗ്രഹിക്കുന്നതെല്ലാം നേടുന്നുണ്ടെണ്ടെങ്കിലും‌‌‌‌‌, ഈ ശരീരം തൃപ്തമല്ല. എന്തിന്റെയോ കുറവുണ്ടെന്ന തോന്നൽ ഇടയ്ക്കിടയ്ക്കുണ്ടാവും. ദശരഥനതു എന്താണെന്നു കണ്ടെത്തി. ഈ ശരീരം തുടർന്നു കൊണ്ടുപോകാൻ ഒരു പുത്രനില്ല. ചിരന്തനനായി ഇരിക്കുക എന്നുള്ളതാണു എത് ശരീരവും കൊതിക്കുന്നത്. അതിനു തന്നേക്കാൾ മികച്ചൊരു പുത്രനുണ്ടാവണം. എല്ലാം തികഞ്ഞിരിക്കണമെങ്കിൽ ഈശ്വരൻ തന്നെ പുത്രനായി ജനിക്കണം. അങ്ങനെയൊക്കെ ചിന്തിക്കണമെങ്കിൽ അതിനു വിവേകം ഉണ്ടായിരിക്കണം. കാശ്യപൻ - അദിതി രൂപത്തിൽ ഉള്ള വിവേകം. ആ വിവേകത്തോടെ ഇരുന്നു ആഗ്രഹിക്കണം. അങ്ങനെ ആഗ്രഹിച്ചും പ്രാരബ്ധ കർമ്മങ്ങളിൽ ഏർപ്പെട്ടു കഴിയുമ്പോൾ ആ കുറവിന്റെ ബോധം ശക്തമാകുന്നു. അപ്പോഴാണു ഗുരുക്കന്മാരുടെ ആവശ്യം. വസിഷ്ഠാദികളാണു ഗുരുക്കന്മാർ. ഗുരുക്കന്മാർക്ക് ലോകഗതി കൈവെള്ളയിലെ നെല്ലിക്ക പോലെ അറിയാം. ഭൂതവും ഭാവിയും ഭവിഷത്തും. അതു കൊണ്ട് അങ്ങനെയുൾലവരുടെ ഉപദേശം തേടുന്നത് യുക്തമാണു. ഈ ശരീരം - ദശരഥൻ- വസിഷ്ഠനുമായി-ജ്ഞാനവുമായി കൂടിയാലോചിച്ചു. എന്താണു പരിഹാരമാർഗ്ഗം? ലോകത്ത് എന്തിനും ഒരൊറ്റ പരിഹാരമേയുള്ളു. അത് തപസാണു. അങ്ങനെയല്ല എന്നു നമുക്ക് ചിലപ്പോൾ തോന്നാം. ഇക്കാണുന്നതൊക്കെ നാം നമ്മൂടെ ബുദ്ധി കൊണ്ടും കൈക്കരുത്തു കൊണ്ടും നേടി എന്നു നമുക്ക് തോന്നാം. അത് അത്ര ശരിയല്ല. ഒരു ഉദാഹരണം: ഈ കമ്പ്യൂട്ടർ. എത്രനാൾ എത്ര മനസ്സുകൾ ആവർത്തിച്ചാവർത്തിച്ചാലോചിച്ചിട്ട്‌- തപസ്സു ചെയ്തിട്ടു - ആ തപം സമഷ്ടിയിലൂടെ വീണ്ടും ചുറ്റി വിദഗ്ധനായ ഒരാളിലൂടെ പുറത്തുവന്നതാണ് ഈ കമ്പ്യൂട്ടർ എന്നു നാം ചിന്തിച്ചിട്ടുണ്ടോ? ഇതിന്റെ ക്രെഡിറ്റ് മുഴുവൻ കിട്ടുന്ന വ്യക്തി ചിലപ്പോൾ പലജന്മങ്ങളിലൂടെ ഈ തപം പിന്തുടർന്നു വന്നതായിക്കൂടെന്നുണ്ടോ? ഇപ്പോൾ അയാൾക്ക് അതുമായി നേരിട്ടൊരു ബന്ധവുമില്ലെന്നു പുറമേക്കു തോന്നിയാലും!

ദശരഥനും അതു തന്നെ ചെയ്യാമെന്നു നിശ്ചയിച്ചു. കർമ്മബദ്ധനായ ശരീരമായതു കൊണ്ടാണു തപസിനു മൌനത്തിനു പകരം യാഗമെന്ന പ്രകടിത രൂപം കൈവന്നത്. യാഗം നടത്താൻ ക്ഷണിച്ചതോ ഋശ്യശൃംഗനേയും. ബ്രഹ്മചര്യത്തിന്റെ അത്യുത്തമ മാതൃക. എം.ടിയുടെ സിനിമ വച്ച് ഈ ഋഷിയെ അളക്കരുത്. സിനിമക്കഥ വേറെ. വ്യാസശില്പം വേറെ. ആ മഹാമുനിയാണു സകലസങ്കട പരിഹാരത്തിനായിക്കൊണ്ട് യാഗമനുഷ്ഠിച്ചത്. ശരീരം ബ്രഹ്മചര്യമനുഷ്ടിച്ച് ഈശ്വരനുമായി താദാത്മ്യപ്പെടാൻ യോഗബുദ്ധ്യാ ഇരുന്നു എന്നു സാരം. അതിലൂടെ പുറത്തേക്ക് വന്നതെന്താണെന്നു പിന്നീട് വിശദമായിക്കാണാം.

അതിനു മുൻപ് നാം വ്യക്തമായി ധരിച്ചിരിക്കേണ്ട ഒരു കാര്യം, നേരത്തെ അത് സൂചിപ്പിച്ചിട്ടുണ്ടെങ്കിൽ കൂടി വീണ്ടും ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുന്നു. ദശരഥൻ എന്നത് മനുഷ്യ ശരീരത്തിന്റെ പ്രതീകമാണു. ഋഷിമാർ ഗുരോപദേശമാണു. യാഗം തപസ്സാണു. ഫലം ഈശ്വരസാക്ഷാത്ക്കാരവും.

6 comments:

അശോക് കർത്താ said...

എം.ടിയുടെ സിനിമ വച്ച് ഈ ഋഷിയെ അളക്കരുത്. സിനിമക്കഥ വേറെ. വ്യാസശില്പം വേറെ. ആ മഹാമുനിയാണു സകലസങ്കട പരിഹാരത്തിനായിക്കൊണ്ട് യാഗമനുഷ്ഠിച്ചത്.

Anonymous said...

very good
കര്‍മ്മത്തിനുടെ ബീജമായതജ്ഞാനമതു
നിര്‍മ്മൂലം നശിപ്പാന്‍ ജ്ഞാനാഗ്നിയുണ്ടാകേണം
നിര്‍മ്മലമായൊരാത്മ ജ്ഞാനം കൊണ്ടനാദിയാം
കര്‍മ്മബീജമജ്ഞാനം നശിച്ചീടും നേരം
ബ്രഹ്മതത്പരത്വവും ജ്ഞാനവുംമുണ്ടാം പിന്നെ
കര്‍മ്മബന്ധനമവര്‍ക്കൊന്നുമേയ് വരാ
ബന്ധമോചനം തന്നെ മുക്തിയെന്നറിഞ്ഞാലും
ബന്ധമറ്റിടുന്നേരം ദേഹവും നശിച്ചു പോം..

വേദാന്ത തലത്തിലേക്കാണു വ്യാഖ്യാനം....പക്ഷെ എന്തെ ഇതിനു മുമ്പുള്ള വ്യാഖ്യാനങ്ങളില്‍ വേദാന്ത തത്ത്വങ്ങള്‍ ഉള്‍പെടുത്താതിരുന്നത്??അതിലും ഉണ്ടല്ലൊ സമാനമായ വേദാന്ത തത്ത്വങ്ങള്‍...

SUNIL R NAIR said...

കളവുെചയു്യന്നത് ധനിനോടുള്ള വെറുപ്പുകൊണ്ടല്ല. ജീവിക്കാനാണ്. പാവൣജീവിച്ചുപോട്ട്

Sandeep.A.K said...

അഞ്ച് ഇന്ദ്രയങ്ങള്‍ തന്നെ അടക്കാന്‍ പാടുപെടുന്നു ഇവിടെ മനുഷ്യര്‍ .. അപ്പോഴാ ദശരഥന്‍...

DKM said...

"എം.ടിയുടെ സിനിമ വച്ച് ഈ ഋഷിയെ അളക്കരുത്. സിനിമക്കഥ വേറെ. വ്യാസശില്പം വേറെ. ആ മഹാമുനിയാണു സകലസങ്കട പരിഹാരത്തിനായിക്കൊണ്ട് യാഗമനുഷ്ഠിച്ചത്."

ചിന്തോദ്ദീപകമായ വാക്യം. അൽപ്പം ഒന്ന് വഴി മാറി നടക്കട്ടെ: നമ്മുടെ പുരാണ കഥകളും ഇതിഹാസ കഥകളും സിനിമ എന്ന ആധുനിക- മാദ്ധ്യമത്തിന് വഴങ്ങുന്നവയാണോ? കൂടിയാട്ടം, കഥകളി, ഒഡീസി, തുടങ്ങിയ പാരംപര്യ-കലാരൂപങ്ങൾക്ക് മാത്രമേ അത്തരം കഥകളുടെ ഭാവ -സങ് കീർണ്ണതകളെയും ധ്വനി-സംപന്നതയെയും ആധ്യാത്മിക-സൌന്ദര്യത്തെയും ഭദ്രമായി പ്രകാശിപ്പിയ് ക്കാൻ ആവൂ എന്ന് തോന്നുന്നു. താങ്കൾക്കു എന്ത് തോന്നുന്നു ?

DKM said...
This comment has been removed by the author.