Sunday, July 17, 2011

എഴുത്തച്ഛൻ

രാമായണം അനേകകോടി ഗ്രന്ഥങ്ങളുള്ളതിൽ അദ്ധ്യാത്മരാമായണത്തെ അവലംബിച്ചാണു എഴുത്തച്ഛൻ മലയാളത്തിൽ രാമകഥ പുനരാവിഷ്കരിച്ചത്.

ജീവൻ പൂർണ്ണത നേടുന്നതെങ്ങിനെയാണു?

അദ്ധ്യാത്മരാമയണത്തിന്റെ മുഖ്യ ചർച്ചയതാണു.

പൂർണ്ണവും സച്ചിദാനന്ദവുമായിരുന്ന പരമാത്മാവാണു സ്വയം പലതായി അംശിച്ച് പ്രപഞ്ചത്തിലെ നാനാവിധ ജിവനുകളായി പ്രാതിഭാസിക്കുന്നത്. അത് തിരികെ ആ പൂർണ്ണതയിലേക്കും കേവലത്വത്തിലേക്കും ചെന്നു മുക്തനാകുന്നതിന്റെ വിവരണമാണു രാമായണം. അല്ലാതെ ഏതോ രാജാവിന്റെ മകനായിപ്പിറന്നു അവകാശത്തർക്കത്തെ തുടർന്നു നാടുവിടേണ്ടി വരികയും, വഴിയിൽ പ്രബലനായ മറ്റൊരാൾ രാമന്റെ ഭാര്യയെ അപഹരിക്കുകയും താൻ തന്നെ ചെന്ന് അവളെ വീണ്ടെടുത്തുകൊണ്ട് വരികയും ചെയ്യുന്ന നാലാംകിട തുക്കടാ സിനിമാക്കഥയല്ല രാമായണം. അങ്ങനെ തെറ്റിദ്ധരിച്ച് വായിക്കുന്നതിലാണു ഇന്നു പലർക്കും കമ്പം. അതിന്റെ അർത്ഥം രാമായണം ഗ്രഹിച്ചിട്ടല്ല അത് വായിക്കുന്നതെന്നാണു.

പൌരാണികർ ചരിത്രമൊന്നും എഴുതി വയ്ക്കുമായിരുന്നില്ല. എന്നു തന്നെയല്ല ഒരു അവകാശത്തർക്കത്തിന്റെ കഥ ഇങ്ങനെ കോടിക്കണക്കിനു ഭാഷ്യത്തിലൂടെ എഴുതിസൂക്ഷിക്കണ്ട കാര്യവുമില്ല.

ദേശചരിത്രവും ജീവചരിത്രവും ഒക്കെ പഠിക്കുന്നത് കൊണ്ട് എന്താണു വിശേഷിച്ച് പ്രയോജനം? ഇതാലോചിക്കാതെയാണു ചരിത്രത്തിൽ നാം അഭിരമിക്കുന്നത്. ചരിത്രം ആവർത്തിക്കുന്നതല്ലാതെ ചരിത്രത്തിൽ നിന്നു ആരെങ്കിലും എന്തെങ്കിലും പഠിച്ചതായി നാം കണ്ടിട്ടുണ്ടോ? പിന്നെ എന്തിനാണീ ചരിത്രങ്ങൾ?

ഒരാളിന്റെ ജീവിത കഥയെടുത്താൽ അതിൽ നിന്നു മറ്റൊരാൾക്ക് എന്തു കിട്ടും? ശാന്തിക്കും സമാധാനത്തിനുമുള്ള വകയൊന്നും സാധാരണ കാണാറില്ല. ചൂഷണത്തിനുള്ള പൊടിക്കൈകൾ ചിലപ്പോൾ കിട്ടിയേക്കാം. വാസനകളാണു ഒരാളുടെ ജീവിതം നിർണ്ണയിക്കുന്നതെന്നാണു പൌരാണികന്റെ കണ്ടെത്തൽ. സ്ഥലകാലങ്ങൾ മാറ്റിയാൽ എല്ലാ ജീവിതങ്ങളും ഒരുപോലെയിരിക്കും. വാസനകളുടെ വ്യത്യസ്ഥതയാണു ജീവചരിതങ്ങളുടെ കാതൽ. വാസകളോ എണ്ണിയാലൊടുങ്ങാത്തവയും. വാസനയെ മനസിലാക്കിക്കഴിഞ്ഞാൽ ജീവിതക്കാഴ്ച അതിവിരസമാകുന്നതും കാണാം. അങ്ങനെ വിരസമാകാവുന്ന ഒരു പ്രമേയമെടുത്ത് ആരെങ്കിലും കവിത ചമക്കുമോ?

സഹിതത്വമുള്ളതിനേയാണു ഭാരതീയർ സാഹിത്യമായി എണ്ണുന്നത്. മനസിനെ പരിവർത്തനപ്പെടുത്താനുള്ള കഴിവ് സാഹിത്യത്തിനുണ്ടായിരിക്കണം എന്നു നിർബ്ബന്ധമാണു. ഇന്ന് അങ്ങനെയാവണമെന്നില്ല. ടോൾസ്റ്റോയിയുടെ ആറടി മണ്ണ് ആദ്യം പറഞ്ഞതരത്തിലുള്ള ഒരു കഥയാണു. ഇന്നു പൊതുവിൽ വാസനകളെ പ്രോത്സാഹിപ്പിക്കുന്ന രചനകളാണുണ്ടാകുന്നത്. വാസനകളുടെ ഒരു പ്രശ്നം അത് കൂടുതൽ, കൂടുതൽ വാസനകളെ ഉണ്ടാക്കുമെന്നതാണു. വാസനകൾ വർദ്ധിക്കുന്നതിനനുസരിച്ച് മനുഷ്യന്റെ കർമ്മങ്ങൾ കൂടിക്കൊണ്ടിരിക്കും. അതിനനുസരിച്ച് ശാന്തിയും സമാധാനവും നഷ്ടമാകും. അച്ചടിമാദ്ധ്യമങ്ങളും ചാനലുകളും എ.എഫ് എമ്മുകളും ഇപ്പോൾ ചെയ്യുന്നത് അശാന്തിയുണ്ടാവാൻ സഹായിക്കുകയാണു.

സ്ത്രീപീഢന വാർത്തകൾ ഒരു ഉദാഹരണമായി എടുത്തു നോക്കു. ശക്തമായ പ്രതികരണത്തിന്റെ ഭാഗമായാണു ഒരു കാലത്ത് മാദ്ധ്യമങ്ങൾ ആ വാർത്തകൾ പുറത്തുവിട്ടിരുന്നത്. സമൂഹത്തെ തിരുത്താൻ അവ സഹായിക്കുമെന്ന് അന്നൊക്കെ ആളുകൾ വാദിച്ചിരുന്നു. ഇന്നു പിന്തിരിഞ്ഞ് നോക്കുമ്പോൾ ആ വാദം ശരിയായിരുന്നു എന്നാർക്കെങ്കിലും തോന്നുന്നുണ്ടോ? മാദ്ധ്യമങ്ങളുടെ ഉദ്യമം വിജയിച്ചിരുന്നെങ്കിൽ ഇന്നു കേരളത്തിൽ സ്ത്രീപീഢനമേ ഉണ്ടാകാൻ പാടില്ല. ഇപ്പോഴത്തെ സ്ഥിതിയെന്താണ്? പീഢനങ്ങൾ വർദ്ധിച്ചു? സമൂഹത്തിലെ ഒറ്റപ്പെട്ട പുഴുക്കുത്തുകൾ എടുത്തുകാട്ടി അതെല്ലാം സാർവ്വലൌകികമാക്കാൻ മാദ്ധ്യമങ്ങൾക്ക് കഴിഞ്ഞു എന്നതാണു അതിന്റെ മെച്ചം. അത്തരം സംഭവങ്ങളിൽ അടങ്ങിയിരുന്ന ഇക്കിളി വിറ്റവർ കാശുണ്ടാക്കി. സമൂഹം കൂടുതൽ കൂടുതൽ സ്ത്രീവിരുദ്ധതയിൽ അഭിരമിക്കാൻ തുടങ്ങി. നേരല്ലെ? പുഴുക്കുത്തുകളെ അതിന്റെ ആഴത്തിൽ ചെന്നു വിശകലനം ചെയ്യുന്നതിലായിരുന്നില്ല മാദ്ധ്യമങ്ങൾക്ക് താല്പര്യം. അങ്ങനെ ചെയ്താൽ ആസ്വദിക്കാൻ ആളുണ്ടാവില്ലെന്നു അവർക്കറിയാം. ഇക്കിളിയിലാണു വാർത്തയുള്ളത്. അത് വിറ്റാലെ ധനമുണ്ടാകു. അതവർ ചെയ്തു. ടെലിവിഷൻ സീര്യലുകൾ ചെയ്യുന്നതും അതാണു. സമൂഹത്തോട് അവർക്കൊന്നും ഒരു ഉത്തരവാദിത്തവുമില്ല. എന്നാൽ പൌരാണികർ അങ്ങനെയായിരുന്നില്ല. അതുകൊണ്ടാണു കാലങ്ങളെ അതിജീവിച്ചു കൊണ്ട് ഭാരതീയ സാഹിത്യം നിലനിൽക്കുന്നത്. അക്കൂട്ടത്തിൽ പെടുന്നതാണു രാമായണവും.

ബദ്ധനായ ജീവനെ എങ്ങനെ മുക്തനാക്കാമെന്ന് അറിയണമെന്നാഗ്രഹിക്കുന്നവരേ രാമായണം വായിക്കേണ്ടതുള്ളു. അല്ലാത്തവർക്കു സീരിയലുകളും ആനുകാലികങ്ങളും അനവധിയുണ്ടല്ലോ. അർത്ഥമറിഞ്ഞ് രാമായണം വായിക്കുന്നവനിൽ നിന്നു കർമ്മങ്ങൾ കൊഴിഞ്ഞു പോകും. അവൻ സുഖിയാകും. അതു കൊണ്ട് രാമായണം വായിക്കാൻ തീരുമാനിക്കുന്നവർ സൂക്ഷിക്കണം. ആഗ്രഹങ്ങളെ പ്രബലമാക്കാൻ ഈ കൃതി സഹായിക്കില്ല.

6 comments:

അശോക് കർത്താ said...

ദേശചരിത്രവും ജീവചരിത്രവും ഒക്കെ പഠിക്കുന്നത് കൊണ്ട് എന്താണു വിശേഷിച്ച് പ്രയോജനം? ഇതാലോചിക്കാതെയാണു ചരിത്രത്തിൽ നാം അഭിരമിക്കുന്നത്. ചരിത്രം ആവർത്തിക്കുന്നതല്ലാതെ ചരിത്രത്തിൽ നിന്നു ആരെങ്കിലും എന്തെങ്കിലും പഠിച്ചതായി നാം കണ്ടിട്ടുണ്ടോ? പിന്നെ എന്തിനാണീ ചരിത്രങ്ങൾ?

madhu said...

നന്ദി,അശോക് ജീ,
അഭിനവ വ്യാസന്മാർക്ക് പാഞ്ചാലിയുടെ വസ്ത്രാക്ഷേപത്തിൽ മാത്രമാണു താത്പ്പര്യം.
അങ്ങയുടെ രാമായണ തത്ത്വങ്ങൾക്കായി കാതോർക്കുന്നു...

Anonymous said...

ചരിത്രതാളുകളില്‍ അറിവ് അറിഞ്ഞവര്‍ ഇതൊക്ക് കോറിയിട്ടില്ലായിരുന്നു വെങ്കില്‍ ഇതൊക്കെ ആര്‍ തിരിച്ചറിഞ്ഞ് പഠിപ്പിച്ച് തരും..ഇന്നത്തെ കാലത്ത്..
ചരിത്രത്തില്‍ നിന്ന് വീണൂകിട്ടുന്ന ഇതു പോലുള്ള നറുമുത്തുകള്‍ പെറുക്കി കൂട്ടി ഒരു നല്ല സംസ്കാരം പഠിപ്പിച്ചിരുന്ന ഒരു തലമുറ ഉണ്ടായിരുന്നു.ഗുരുകുല വിദ്യാഭ്യാസം എന്ന പേരില്‍..പണ്ട് ഭാരതത്തില്‍ .ഇന്നും അല്പ്മാത്രേണ....നല്ലതും ചീത്തയും ഭൂമിയില്‍ സകലധിലും ഉണ്ട്..ഈ പറയുന്ന മനുഷ്യനില്‍ വരെ..അത് തിരിച്ചറിഞ്ഞവരാണു...ഈ തത്ത്വരൂപേണ എല്ലാവരെയുംക്കൊണ്ട് രണ്ട് വരിയെങ്കിലും ചിന്തിക്കാന്‍ പ്രാപതമാക്കി ഇന്ന് പലരൂപത്തില്‍ ഈ ദീപങ്ങള്‍ പകര്‍ന്നു നല്‍കുന്നത് എന്തിനു?..ഒരു നല്ല സംസ്കാരം നിലനില്‍ക്കാന്‍ വേണ്ടി...ഇന്ന് ജീവിക്കുന്നവരുടേ പൂര്‍‌വ്വികര്‍ ചരിത്രതാളുകളില്‍ വരും തലമുറകള്‍ക്ക് എന്ത് പകര്‍ന്ന് നല്‍കി എന്ന് അന്വേക്ഷിച്ച് ഉള്‍ക്കൊള്ളാതെ പൊയതാണു..ഇന്നത്തെ ജാതി, മത, വിദ്യാഭ്യാസ ,ഭരണ- ഭ്രന്തിന്റെ പ്രധാനകാരണം...എല്ലാവര്‍ക്കും എന്റേതാണു വലുത് മറ്റവന്റെ ചെറുത് .ഞാന്‍ മാത്രമാണു ശരി..എന്ന തോന്നല്‍ ഇരുന്നാല്‍ ഈ രീതിയില്‍ ചിന്ത പോകില്ല...ചിന്തിച്ചാല്‍ മനുസ്സിലാകും ഗുരുപരമ്പരകള്‍ വഴി പകര്‍ന്ന് നല്‍കുന്ന ഈ തത്ത്വങ്ങള്‍ ഇന്ന് സമൂഹത്തിലെ പല അതിര്‍‌വരമ്പുകളെയും ഖണ്ഡിക്കാന്‍ പാകമുള്ളതാണു...ഉള്‍ക്കൊണ്ട് ജീവിച്ചാല്‍ സ്വയം ബൊദ്ധ്യപെടും.".വസുധൈവ കുടുംബകം" എന്ന പൊരുളിന്റെ അര്‍‌ത്ഥം..സമസ്ത മനുഷ്യ ജീവികള്‍ക്കും..

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

"നാലാംകിട തുക്കടാ സിനിമാക്കഥയല്ല രാമായണം. അങ്ങനെ തെറ്റിദ്ധരിച്ച് വായിക്കുന്നതിലാണു ഇന്നു പലർക്കും കമ്പം."

ഷാജു അത്താണിക്കല്‍ said...

ബദ്ധനായ ജീവനെ എങ്ങനെ മുക്തനാക്കാമെന്ന് അറിയണമെന്നാഗ്രഹിക്കുന്നവരേ രാമായണം വായിക്കേണ്ടതുള്ളു.
താങ്കളുടെ ചിന്ത കൊള്ളാം
ഇനിയും ഒരുപാട് എഴുതുക

ഉഷശ്രീ (കിലുക്കാംപെട്ടി) said...

“പൂർണ്ണവും സച്ചിദാനന്ദവുമായിരുന്ന പരമാത്മാവാണു സ്വയം പലതായി അംശിച്ച് പ്രപഞ്ചത്തിലെ നാനാവിധ ജിവനുകളായി പ്രാതിഭാസിക്കുന്നത്. അത് തിരികെ ആ പൂർണ്ണതയിലേക്കും കേവലത്വത്തിലേക്കും ചെന്നു മുക്തനാകുന്നതിന്റെ വിവരണമാണു രാമായണം“.

ഇതിനപ്പുറം എന്തു വിവരണമാണ് കിട്ടാനുള്ളത്. എല്ലാപോസ്റ്റുകളും വായിച്ചിട്ടു വരാം.
ഇത്ര ഗംഭീരന്‍ ഒരു ബ്ലോഗ് അറിയാന്‍ വൈകി.