Saturday, July 16, 2011

വാൽമീകി

രാമായണം രചിച്ചത് വാൽമീകിയാണെന്നു നമുക്കെല്ലാം അറിവുള്ളതാണു. മനനം കൊണ്ട് മനുഷ്യത്വം നേടിയ രത്നാകരെനെന്ന കാട്ടാളനാണു പിന്നീട് വാൽമീകിയാകുന്നത്. സപ്തർഷികളുടെ ഉപദേശമാണു രത്നാകരന്റെ മനസിനെ മാറ്റിയത്. താ‍ൻ ആരാണെന്ന ചോദ്യം ഉന്നയിക്കാത്ത എല്ലാവരേയും പോലെ രത്നാകരനും ദൈനംദിന പ്രവർത്തികളുമായി കഴിഞ്ഞു കൂടുകയായിരുന്നു. പ്രാകൃതവാസന പ്രബലമായിരുന്നത് കൊണ്ടായിരുന്നു രത്നാകരനെ കാട്ടാളൻ എന്നു വിശേഷിപ്പിച്ചിരുന്നത്. ഭാര്യയും മക്കളുമടങ്ങുന്ന കുടുബത്തെ പോറ്റാൻ‌വേണ്ടി ഹിംസ ചെയ്യുവാൻ രത്നാകരനു ഒരു പ്രയാസവുമുണ്ടായിരുന്നില്ല. വഴിപോക്കരെ തടഞ്ഞുനിർത്തി മുതൽ കൊള്ളചെയ്താണു അയാൾ കഴിഞ്ഞുകൂടിയിരുന്നത്. അപ്പോഴാണു സപ്തർഷിമാരുടെ വരവുണ്ടായത്. ഒരു മനുഷ്യനു മാറ്റമുണ്ടാകുന്നതിനു മുന്നോടിയായി സത്സഗം ഉണ്ടാകും. ഋഷിമാരുടെ വരവ് സൂചിപ്പിക്കുന്നതതാണു.

ഋഷിമാർ സ്വതവേ നിർദ്ധനരാണു. ഇക്കാണുന്നതെല്ലാം ഇശ്വരന്റേതാണെന്നറിയുമ്പോൾ എന്തു കൊണ്ട് നടക്കാനാണു? ഇന്നങ്ങനെയല്ലായിരിക്കാം. ഇന്നുള്ളവർ കോടികൾ സമ്പാദിച്ചു കൂട്ടിയിട്ട് എന്താണു ന്യസിച്ചിരിക്കുന്നതെന്നു ചോദിക്കരുത്. പണ്ടങ്ങനെയല്ല. ജ്ഞാനമാണു ഏറ്റവും വലിയ സമ്പത്തു. അതുണ്ടെങ്കിൽ ബാക്കിയെല്ലാം അതിനെ പിന്തുടർന്നു കൊള്ളും. വിഷ്ണു ഹൃദയത്തിലിരുന്നാൽ ലക്ഷ്മിക്ക് പിന്തുടരുകയല്ലാതെ മറ്റെന്ത് മാർഗ്ഗം? തികഞ്ഞ ആത്മജ്ഞാനികളായ ഋഷീശ്വരന്മാരെ തടഞ്ഞുനിർത്തിയാണു രത്നാകരൻ മുതൽ തേടിയത്. അവർ തങ്ങളുടെ കൈവശമുണ്ടായിരുന്നത് അവനു കൊടുക്കുകയും ചെയ്തു.

അവർ കൊടുത്തത് ജ്ഞാനമായിരുന്നു.

അതങ്ങനെ അളവായിക്കൊടുക്കാനാവില്ലല്ലോ. അനുഭവമായി മാത്രമേ അത് കൈമാറാനാവു. അതിനുള്ള ഉപാധി പ്രശ്നോത്തരിയാണു. ഋഷിമാർ രത്നാകരനോട് ചോദിച്ചു:
- അന്യന്റെ മുതൽ അപഹരിക്കുന്നത് തെറ്റല്ലെ?
- അതെ.
- തെറ്റു ചെയ്താൽ പാപമുണ്ടാകും.
- അതു ശരിയാണു.
- എന്തിനാണ് പാപം ചെയ്യുന്നത്?
- എനിക്കു ഭാര്യയും മക്കളുമുണ്ട്. അവരെ പോറ്റണം. തിന്നാൻ കൊടുക്കാതെ അവരെ പട്ടിണിക്കിട്ട് കൊന്നാൽ കൊള്ളയേക്കാൾ വലിയ പാപമാകില്ലെ?
- ആകും. നീ സമ്പാദിക്കുന്ന സ്വത്ത് അവരനുഭവിക്കുന്നുണ്ടല്ലോ?
- ഉണ്ട്.
- അപ്പോൾ സ്വത്തിനൊപ്പം നീ സമ്പാദിക്കുന്ന പാപത്തിന്റെ പങ്കും അവർ അനുഭവിക്കുന്നുണ്ടാകുമല്ലോ?
അതു കേട്ടപ്പോൾ രത്നാകരനു സംശയമുണ്ടായി. അവർ സുഖമായി ജീവിക്കുകയാണു. എന്തെങ്കിലും പാപം അനുഭവിക്കുന്നതായി കണ്ടിട്ടില്ല. കൃത്യമായി അറിയണമെങ്കിൽ അവരോട് തന്നെ ചോദിക്കണം. സപ്തർഷികളെ അവിടെ നിർത്തിയിട്ട് രത്നാകരൻ അത് അന്വേഷിക്കാൻ പോയി. തിരിച്ചു വന്നപ്പോൾ കാട്ടാളൻ നിരാശ്ശനായിരുന്നു. പാപത്തിന്റെ ഫലം അതു ചെയ്യുന്നവർ തന്നെ അനുഭവിക്കണമെന്ന് രത്നാകരനു മനസിലായി. ദു:ഖം ഘനീഭവിച്ചു. ഇക്കാലമത്രയും താൻ ചെയ്തത് എന്തിനുവേണ്ടിയായിരുന്നു എന്നാലോചിക്കാൻ തുടങ്ങിയപ്പോൾ അതിരട്ടിച്ചു. അങ്ങനെ ചിന്തിക്കാത്തവരാണു ജയിലിൽ കിടന്നിട്ടും ന്യായം പറയുകയും വാദിക്കുകയും ചെയ്യുന്നത് എന്നോർക്കണം. രത്നാകരനു ഒരു കാര്യം മനസിലായി. ഇങ്ങനെ കാട്ടാളനായി ജീവിച്ചിട്ട് കാര്യമില്ല. കൂടുതൽ ഹിംസ ചെയ്യും. കൂടുതൽ പാപം കിട്ടും. അതിനി വേണ്ട എന്നു നിശ്ചയിച്ചിട്ട് അതിൽ നിന്നും മോചിക്കാനുള്ള വഴി രത്നാകരൻ ആരാഞ്ഞു.

ഒരൊറ്റ വഴിയേ അതിനു ലോകത്തുള്ളു. അവനവനെ അറിയുക. അതിനു മനനം ചെയ്തു നോക്കണം. വഴിയും ഋഷിമാർ പറഞ്ഞു കൊടുത്തു. രത്നാകരൻ തന്നിലേക്ക് ആഴ്ന്നിറങ്ങി. വർഷങ്ങൾ പലതു കഴിഞ്ഞു. രത്നാകരൻ വാൽമീകി മഹർഷിയായി. മനനം കൊണ്ട് മനുഷ്യത്വത്തിന്റെ പരമകാഷ്ഠയിലേക്കുയർന്നു. അനന്തരം അദ്ദേഹത്തിനു ലഭിച്ച നിയോഗമാണു രാമായണത്തിന്റെ രചന. അതിനു നിമിത്തമായത് ക്രൌഞ്ചപ്പക്ഷികളിൽ ഒന്നിനെ വേടൻ അമ്പെയ്ത് വീഴ്ത്തുന്ന വാൽമീകി കണ്ട കാഴ്ചയായിരുന്നു. ആ കാഴ്ചയിൽ അദ്ദേഹം ദു:ഖതപ്തനായി. ആ ദു:ഖം വാക്കുകളായി പുറത്തു വന്നു.

“മാ നിഷാദ പ്രതിഷ്ഠാം ത്വ
മഗമ: ശാശ്വതീ സമാ
യൽ ക്രൌഞ്ച മിഥുനാദേക
മവധീ: കാമമോഹിതം.”

അറിവുള്ളവർ ഈ ശ്ലോകത്തിനു രണ്ട് അർത്ഥമുള്ളതായി പറയുന്നു. അതിലൊന്നു ക്രൌഞ്ചമിഥുനങ്ങളിലൊന്നിനെ അമ്പെയ്ത് വീഴ്ത്തിയ കാട്ടാളനു നാശം സംഭവിക്കട്ടെ എന്നാണു. വേറൊന്നുള്ളത് ക്രൌഞ്ചമിഥുനങ്ങളായിരുന്ന രാവണ മണ്ഡോദരിമാരിലെ രാവണനെ വധിച്ച രാമന് ആശിസ്സ് നൽകുന്നതായുമാണു. ഭാരതീയ സാഹിത്യത്തിൽ ഇത്തരം ദ്വന്ദം സർവ്വസാധാരണമാണു. ദൃശ്യപ്രപഞ്ചം തന്നെ ദ്വന്ദാത്മകമാണല്ലോ.

ഈ ശ്ലോകത്തിന്റെ ഭാവം മനസിലായപ്പോൾ അത് പാഴാകില്ലെന്നു വാൽമീകി തിരിച്ചറിഞ്ഞു. സകലസൃഷ്ടിയുടെയും ദേവതയായ ബ്രഹ്മാവ് അതിനായി അനുഗ്രഹിച്ചു. പ്രപഞ്ചഹിതകരമായ രീതിയിൽ അത് പുറത്തുവരാൻ നാരദനും സഹായിച്ചു. ഹൃദയത്തിൽ വന്നെത്തിയ നാരദനോട് വാൽമീകി ചോദിച്ചു:
- ബലവാനും വീര്യവാനുമായി ലോകത്തു ആരാണുള്ളത്?
ഉടൻ നാരദന്റെ മറുപടിയും ഉണ്ടായി.
- ഇക്ഷ്വാകുവംശജനായ രാമൻ.
നാരദന്റെ മറുപടിയെ ആസ്പദിച്ച് നൂറ് ശ്ലോകങ്ങളുള്ള മൂലരാമായണം ആദ്യമുണ്ടായി. അതിനെ അവലംബമാക്കി 24000 ശ്ലോകങ്ങളുള്ള രാമായണവും 32000 ശ്ലോകങ്ങളുള്ള യോഗവാസിഷ്ഠവും ഋഷി തന്നെ ചമച്ചു. ബാക്കി ഇന്നു നമ്മൾ കാണുന്ന രാമായണങ്ങളെല്ലാം അതിൽ നിന്നും വിടർന്നു വന്നതാണു.



2 comments:

അശോക് കർത്താ said...

“മാ നിഷാദ പ്രതിഷ്ഠാം ത്വ
മഗമ: ശാശ്വതീ സമാ
യൽ ക്രൌഞ്ച മിഥുനാദേക
മവധീ: കാമമോഹിതം.”

madhu said...

നന്ദി,അശോക് ജീ.