Saturday, July 23, 2011

രാമനും ജീവനും

ദശരഥൻ ശരീരമാണെന്നു പറഞ്ഞു.ആ ശരീരത്തിനുള്ളിൽ ജീവനു പല ഭാവങ്ങളും കൈക്കൊള്ളാൻ കഴിയും. അവയിൽ പ്രധാനപ്പെട്ട ഭാവങ്ങൾ നാലെണ്ണമാണു.

1.വിശ്വൻ : ജീവന്റെ സുപ്രധാനമായ ഒരു ഭാവമാണത്. നാം നിത്യനിരന്തരം സൂചിപ്പിക്കുന്നതും വിശ്വനേപ്പറ്റിയാണു. നമ്മൂടെ ബാഹ്യമായ കർമ്മങ്ങൾക്കെല്ലാം ആധാരം ജീവന്റെ ഈ ഭാവമാണ്. ആ ജീവനു  വിശ്വവിരാട് അവസ്ഥയിലേക്ക് വളർച്ച പ്രാപിക്കാനും കഴിയാറുണ്ട്. അതായത് ഒരു വ്യക്തി എന്ന തന്റെ വ്യക്തിഭാവം വിട്ട് ഈ പ്രപഞ്ചം മൊത്തം താനാണെന്ന അറിവുണ്ടാകുന്ന അവസ്ഥ. അങ്ങനെ പൂർണ്ണവളർച്ചയെത്തുമ്പോൾ - വിശ്വവിരാടവസ്ഥയിലേക്ക് ഉയരുമ്പോൾ - ജീവനെ വിശ്വനെന്ന് പറയുന്നു. ജാഗ്രത്താണു വിശ്വന്റെ അവസ്ഥ. വളരെ ബൃഹത്താണെന്നു തോന്നുമെങ്കിലും ജാഗ്രത് വളരെക്കുറച്ചേ നാം അനുഭവിക്കാറുള്ളു. ശ്രദ്ധിച്ചാൽ ഇത് മനസിലാകും. ഒരു നിമിഷമെടുത്ത് ആ നിമിഷത്തിൽ മാത്രമായി ഇരിക്കുന്ന അവസ്ഥയെക്കുറിച്ച് ഒന്നാലോചിച്ച് നോക്കു. ആ ഒരു നിമിഷത്തിൽ അലിഞ്ഞിരിക്കുന്ന അത്രേയുള്ളു ആ നിമിഷത്തിന്റെ ജാഗ്രത്ത്. അങ്ങനെയിരിക്കുമ്പോൾ പെട്ടെന്നു നാം അതിൽ നിന്നു മാറിപ്പോകുന്നത് കാണാം. അറിയാതെയാണത് സംഭവിക്കുന്നത്. മനുഷ്യനു ജാഗ്രത്തിൽ അങ്ങനെ ലയിച്ചിരിക്കാൻ ആവുന്നില്ല. ലോകത്തുള്ള സകല ഭർത്സനങ്ങൾക്കും, വിദ്വേഷങ്ങൾക്കും കാരണം ജാഗ്രത്തിൽ നമുക്ക് ഉറച്ചു നിൽക്കാൻ കഴിയാത്തത് കൊണ്ടാണു. പക്ഷെ നാം അതംഗീകരിക്കാറില്ല. .

2.തൈജസൻ : തേജസ് ഉൾക്കൊണ്ട് ജീവൻ മറ്റൊരു അവസ്ഥയിലും ഇരിക്കാറുണ്ട്. നാം പുറത്ത് കാണുന്ന ഈ ലോകം അപ്പോൾ സക്രിയമല്ല. അവിടെ വേറൊരു ലോകമുണ്ട്. അതാണു സ്വപ്നത്തിന്റെ ലോകം. ആ ലോകത്തിൽ എല്ലാം സൃഷ്ടിച്ച് ഭരിച്ച് ആസ്വദിക്കുന്ന ഒരു ജീവനെ കാണാൻ കഴിയും. അതാണു തൈജസൻ. സ്വപ്നമാണു തൈജസന്റെ അവസ്ഥ. ലോകത്തിലെ കർമ്മങ്ങൾ ഉടലെടുക്കുന്നത് ഈ സ്വപ്നലോകത്തിൽ നിന്നുമാണു. അവിടെയാണു കൂട്ടലും കുറയ്ക്കലും അഴിക്കലും കൂട്ടിച്ചേർക്കലുകളും നടക്കുന്നത്. ഇത് ജാഗ്രത്തിന്റെ തുടർച്ചയാണു. അത് കൊണ്ട് തന്നെ വിശ്വൻ പരിണമിച്ചാണു തൈജസനുണ്ടാകുന്നതും.

3.പ്രാജ്ഞൻ : പ്രാജ്ഞാവസ്ഥയെ പ്രാപിക്കുന്ന ജീവൻ മറ്റൊരു ഭാവത്തിലിരിക്കുന്നു. ജ്ഞാനത്തിന്റെ മേഖലയാണത്. അവിടേക്ക് ചെല്ലുന്ന ജീവാംശത്തെ പ്രാജ്ഞൻ എന്നു പറയും. പ്രാജ്ഞന്റെ അവസ്ഥ സുഷുപ്തിയാണു. സുഷുപ്തിയിൽ ഈ ലോകമുണ്ടെങ്കിലും ജീവൻ അത് അറിയുന്നില്ല. ഒന്നും തന്നെ അറിയുന്നില്ല. പ്രജ്ഞ മാത്രം തിളങ്ങി നിൽക്കുന്നു. അവിടെ എത്തിയിട്ട് തിരികെ വരുന്ന ജീവനൻ എപ്പോഴും പുതിയത് പോലെ ഇരിക്കും. അതുകൊണ്ടാണു നല്ല ഒരുറക്കം കഴിയുമ്പോൾ നാം ഫ്രെഷായി എന്നു പറയാറുള്ളത്.

4.തുരീയൻ : ഇവിടെ ജീവൻ അഭൌമമായ ഒരു മേഖലയിലാണു. ജാഗ്രത്ത് സ്വപ്നാവസ്ഥകളുമായി ഒരു ബന്ധവുമില്ലാതെയാണു ജീവനവിടെ ഇരിക്കുന്നത്. ശരീരബോധം തീരെ ഉണ്ടാ‍യിരിക്കില്ല. ജാഗ്രത് സ്വപ്ന സുഷുപ്താവസ്ഥകളിൽ നിന്നു ലഭിച്ച എല്ലാ അറിവുകളും ത്യജിച്ച് സുഖസംതൃപ്തനായാണു ജീവനവിടെ ഇരിക്കുന്നതെന്നു അതനുഭവിച്ചവർ പറയുന്നു. ആ സച്ചിദാനന്ദാവസ്ഥയിലേക്ക് എത്തുന്ന ജീവനെ തുരീയനെന്നും ആ അവസ്ഥക്ക് തുരീയമെന്നുമാണു സൂചന. അതിനു വിശ്വാദികൾക്കുള്ള പോലെ ഒരു പേരില്ല. നാലാമത്തേത് എന്നു മാത്രമേ ഋഷിമാർ അതേപ്പറ്റിപ്പറയുന്നുള്ളു. മാനോവാക്കുകൾക്ക് അപ്പുറമാണത്.

ഇങ്ങനെ ഒരേ ജീവൻ നാലുഭാവങ്ങളെ ഉൾക്കൊണ്ട് ശരീരത്തിൽ പ്രവർത്തിക്കുന്നു. ഈ നാലുഭാവങ്ങളെ രാമൻ, ലക്ഷ്മണൻ, ഭരതൻ, ശത്രുഘ്നൻ എന്നു വിളിക്കുന്നു. രാമൻ വിശ്വനും, ലക്ഷ്മണൻ തൈജസനും, ഭരതൻ പ്രാജ്ഞനും ശത്രുഘ്നൻ തുരീയനുമാണു.

മുൻപില്ലാത്ത ഒന്നു പ്രകടീഭവിക്കുമ്പോൾ ‘ജനിച്ചു‘ എന്നു നാം പറയുന്നു. അങ്ങനെയാണു രാമാദികൾ ജനിച്ചു എന്നു പറഞ്ഞിരിക്കുന്നത്. ഇങ്ങനെ ജനിക്കണമെങ്കിൽ അതിനൊരു മാതൃപിതൃ സംബ്നധമുണ്ടാകണം. അപ്പോൾ ദശരഥനു പുത്രന്മാരുണ്ടാകണമെങ്കിൽ അവരെ ജനിപ്പിക്കാനുള്ള ഭാര്യമാർ ഉണ്ടാവണം.

ശരീരമാകുന്ന ദശരഥനു മൂന്നു ഭാര്യമാരാണുള്ളത്.
ഒന്നു : ഇച്ഛാശ്ശക്തിയെന്ന കൌസല്യ.
രണ്ട്: ക്രിയാശ്ശക്തിയെന്ന കൈകേകി.
മൂന്നു: ജ്ഞാനശ്ശക്തിയെന്ന സുമിത്ര.

ഈ മൂന്നു ശക്തികളും ഇല്ലെങ്കിൽ ശരീരത്തിനു കർമ്മമില്ല. ഇവയിൽ നിന്നാണു കർമ്മങ്ങൾ ഉൽ‌പ്പന്നമാകുന്നത്. ഇച്ഛയിൽ ആരംഭിച്ച് ക്രിയയോളമെത്താത്ത കർമ്മങ്ങളെ സഞ്ചിതമെന്നു പറയും. കൌസല്യ പ്രതിനിധീകരിക്കുന്നത് സഞ്ചിത കർമ്മങ്ങളേയാണു. നമ്മുടെ ഉള്ളിലും അനവധി കൌസല്യമാരേക്കാണാൻ പ്രയാസമില്ല. അതു ചെയ്യണം, ഇതു ചെയ്യണമെന്നൊക്കെയുള്ള നമ്മുടെ ആഗ്രഹങ്ങൾ കൌസല്യമാരാണു.

ഇച്ഛയിൽ ആരംഭിച്ച് ക്രിയയിൽ എത്തുന്ന കർമ്മങ്ങളാണു പ്രാരബധം. പ്രാരബ്ധം കൈകേകിയാണു. പ്രാരബ്ധങ്ങൾ അനുഭവിച്ചേ തീരുകയുള്ളു. അതിനു വേണ്ടി ജീവൻ പലവട്ടം ജന്മമെടുക്കാറുണ്ട്. ഭാരതത്തിൽ പുനർജ്ജന്മം കൊണ്ട് വിവക്ഷിക്കുന്നത് ജീവന്റെ ഈ ആവർത്തനത്തേയാണു. എന്നാൽ നാം നമ്മൂടെ ബുദ്ധിക്കുറവുകൊണ്ട് വിചാരിക്കുന്നത് ഈ ശരീരം  ആവർത്തിക്കുമെന്നാണു. ശരീരം പഞ്ചഭൂതാത്മകവും കാലയളവുള്ളതുമാണു എന്നു നാം ഓർക്കാറില്ല. അതിലെ ജീവൻ മാത്രമേ സനാതനമായുള്ളു. അത് മനസിലാക്കാതെയാണു പലപ്പോഴും പലരും പലതരം തർക്കങ്ങളിൽ ചെന്നു ചാടുന്നത്.

പ്രാരബ്ധങ്ങളിൽ നിന്നു പിന്നയുമുണ്ടാകുന്ന കർമ്മങ്ങളെ ആഗന്തുകങ്ങൾ എന്നു പറയുന്നു. സുമിത്രയാണു ആഗന്തുകങ്ങളുടെ പ്രതിനിധി.

പൂർണ്ണതയിലേക്ക് പ്രവഹിക്കുവാനാണു ജീവൻ ആഗ്രഹിക്കുന്നത്. ഭൂമിയിലെത്തിക്കഴിഞ്ഞാൽ ജീവൻ വിവിധങ്ങളായ കർമ്മകലാപങ്ങളിൽ മുഴുകിക്കൊണ്ടിരിക്കും. അപ്പോഴും അത് അജ്ഞാതമായ ഏതോ ഒന്നിനെ അന്വേഷിച്ചു കൊണ്ടിരിക്കുന്നത് കാണാം. ലൌകികമായ മാർഗ്ഗത്തിലൂടെ അതിനു നിവർത്തി നേടാമെന്നു വിചാരിച്ച് കർമ്മകലാപങ്ങൾ വർദ്ധിപ്പിച്ചു നോക്കും. പക്ഷെ സുഖം കിട്ടുന്നില്ല എന്നു കാണുന്നു. പിന്നെ അതിൽ നിന്നും പിന്തിരിയുന്നു. അപ്പോൾ ജിജ്ഞാസയുണ്ടായി. തുടർന്നു കർമ്മത്തിന്റെ വഴികൾക്ക് മാറ്റമുണ്ടാകുന്നു. തീർത്ഥാടനങ്ങൾ., പഠനങ്ങൾ, സത്സംഗങ്ങൾ, ദേശാടനങ്ങൾ ഒക്കെ അത്തരം വഴികളാണു. അവയും കർമ്മങ്ങൾ തന്നെ. പക്ഷെ അവ ജീവനേ ബദ്ധമാക്കുന്നില്ല. എന്നു മാത്രമല്ല മുക്തനാക്കാൻ സഹായിക്കുകയും ചെയ്യുന്നു. അങ്ങനെ ജീവൻ പൂർണ്ണതയിലേക്ക് നീങ്ങുന്നു. ആ പൂർണ്ണതയ്ക്ക് ഋഷിമാർ നൽകിയ നാമമാണു ഈശ്വരൻ. ഈശ്വരസാക്ഷാത്ക്കാരത്തിലെത്തി സുഖിയായി ഇരിക്കുക എന്നതാണു ജീവന്റെ ധർമ്മം. എല്ലാവരും യത്നിക്കുന്നതും അതിനു തന്നെയാണു.

9 comments:

അശോക് കർത്താ said...

ജീവൻ പൂർണ്ണതയിലേക്ക് നീങ്ങുന്നു. ആ പൂർണ്ണതയ്ക്ക് ഋഷിമാർ നൽകിയ നാമമാണു ഈശ്വരൻ. ഈശ്വരസാക്ഷാത്ക്കാരത്തിലെത്തി സുഖിയായി ഇരിക്കുക എന്നതാണു ജീവന്റെ ധർമ്മം. എല്ലാവരും യത്നിക്കുന്നതും അതിനു തന്നെയാണു.

Sandeep.A.K said...

തൈജസൻ - അപ്പോള്‍ ഫ്രോയിഡിന്റെ സ്വപ്നാവസ്ഥ വിശകലനത്തിനു നേരെ വിപരീതമോ ഈ പറയുന്നത്..??

ജീവതത്തിലെ നാല് ആശ്രമം ഭംഗിയായി പൂര്‍ത്തികരിച്ചാലല്ലേ ഈ പൂര്‍ണത നേടാനാവൂ.. ??

Anonymous said...

very good sir....
തന്നെത്താനറിയേണമെന്നു ചൊല്ലീടുന്നതു
തന്നെ സത്യമെന്നോര്‍‌ത്തു കണ്ടാലും പരമാര്‍‌ത്ഥം
തന്നെത്താനറിയുന്നതാരുവാനവനീശന്‍
പിന്നെയില്ലവനൊരു ജന്മവും ദുഃഖങ്ങളും

ഒന്നായ നിന്നെയിഹരണ്ടെന്നു കണ്ടളവി
ലുണ്ടായൊരിണ്ടല്‍ ബത മിണ്ടാവതല്ല--മമ
മത് പ്രാണനും പരുനുമൊന്നെന്നുറപ്പവനു
തത് പ്രാണദേഹവുമനിത്യം കളത്രധനം
സ്വപ്നാദിയില്‍ പലവുകണ്ടാലുണര്‍ന്നവനോ
ടൊപ്പം ഗ്രഹിക്കഃ ഹരിനാരായണായ നമഃ

അറിവാലറിന്തു ഉന്‍ ഇരുതള്‍ ഇറൈഞ്ചും
അടിയാര്‍ ഇടൈഞ്ചല്‍ കളൈവോനേ
അറിവൈ അറിപവര്‍ അറിയും ഇന്‍പം തനൈ

അശോക് കർത്താ said...

@Sandeep.A.K
ഇതാണു നമ്മുടെ ഒരു കുഴപ്പം. നമുക്കൊരു ശാസ്ത്രസിദ്ധാന്തമുണ്ടെങ്കിൽ അതിനെ ആഴത്തിൽ പഠിക്കാൻ ശ്രമിക്കാതെ പാശ്ചാത്യൻ അതിനു സമാനമായിട്ടു ചെയ്തിട്ടുള്ളതിനെ നിഷേധിക്കുണ്ടോ എന്നു ഭയക്കുന്നു. അതിന്റെ ആവശ്യമില്ല. ആധുനിക ശാസ്ത്രത്തിനു 300 കൊല്ലത്തിന്റെ പഴക്കമേയുള്ളു. അതിനു മുൻപേ ഇന്ത്യയിൽ അതിനേക്കാൾ വികാസം പ്രാപിച്ച ശാസ്ത്രമുണ്ട്. പിന്നെ ഫ്രോയിഡ് ഒരു ഇക്കിളിയുടെ മനശ്ശാസ്ത്രജ്ഞനല്ലെ ശരിക്കും?

Lx* said...

When can we attain the "wholeness" (poornatha)? - Before or after death?!
Lx*

Lxman said...

When can we attain the so called "poornatha" (Wholeness)-Before or after death?
Lx*

അശോക് കർത്താ said...

@Lx* said... എപ്പോൾ വേണമെങ്കിലും. ജിജ്ഞാസ, തപസ് എന്നതിനെ ആശ്രയിച്ചിരിക്കും.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

കര്‍ത്താജി
നന്ദി ഒന്നു കൂടി ശ്രദ്ധിച്ചു വായിക്കട്ടെ

Sandeep.A.K said...

കര്‍ത്ത സാര്‍.. ഞാനിപ്പോഴും ഒരു വിദ്യാര്‍ത്ഥിയാണ്.. പുതിയ അറിവുകള്‍ ഞാന്‍ മുന്‍പറിഞ്ഞതിനോട് താരതമ്യം നടത്തിയാണ് പഠിക്കാറു.. സംശയം തോന്നിയത് കൊണ്ട് ചോദിച്ചു.. അത്രമാത്രം.. പിന്നെ ഫ്രോയിഡ് ഒരു ഇക്കിളിയുടെ മനശ്ശാസ്ത്രജ്ഞനല്ലെ എന്ന ചോദ്യം.. ഹ ഹ ഹ.. അങ്ങനെയും വേണമെങ്കില്‍ പറയാം.. മനുഷ്യന്‍ മനസ്സിന്റെ ഉള്ളില്‍ അടക്കി പിടിച്ചിരുന്ന, പുറത്തു പറയാന്‍ മടിച്ചിരുന്ന കേവല ആഗ്രഹങ്ങളെ പറ്റി പഠനം നടത്തുകയും തുറന്നു പറയുകയും ചെയ്തത് കൊണ്ട് പുള്ളിക്കാരന് അങ്ങനെയൊരു പേര് വീണതില്‍ അത്ഭുതമില്ല.. ഓഷോയുടെ സ്ഥിതിയും വ്യത്യസ്തമല്ലല്ലോ..