Sunday, July 24, 2011

കാര്യഗുരു ; കാരണഗുരു

ദേഹത്തിൽ പ്രാതിഭാസിക്കുന്ന ജീവനു അജ്ഞത കൊണ്ട് തത്സ്വരൂപം മറഞ്ഞിരിക്കും. അറിവു കൊണ്ടേ ആ മറവ് നീങ്ങു. ബുദ്ധി ഋജുവായിരിക്കുന്ന ബാല്യമാണു അതിനു ഏറ്റവും പറ്റിയ കാലം. നന്നേ ചെറുപ്പത്തിൽ തന്നെ ജ്ഞാനത്തിലേക്ക് കുഞ്ഞുങ്ങളെ ഉപനയിപ്പിച്ചാൽ അവരുടെ ജീവിതം സൌഭാഗ്യപൂർണ്ണമായിരിക്കും. ഇന്നു നാം ചർച്ച ചെയ്തു സങ്കീർണ്ണമാക്കുന്ന വേദമാണു പണ്ടുള്ളവർ ആ ചെറുപ്രായത്തിൽ കുട്ടികൾക്ക് നൽകിയിരുന്നത്. പ്രപഞ്ചോൽ‌പ്പത്തി മുതൽ പ്രപഞ്ച സംഗ്രഹം വരെയുള്ള കാര്യങ്ങൾ കവിതയിലൂടെ കുഞ്ഞുമനസിലേക്ക് കടത്തിവിട്ടാൽ ആവശ്യം വരുമ്പോഴൊക്കെ അത് മനസിൽ തെളിയുകയും ജീവിതം സാർത്ഥകമാവുകയും ചെയ്യുമെന്നവർ കണ്ടെത്തിയിരുന്നു. ഇന്നു നാം ചെയ്യുന്നതെന്താണു? ഒരു കുഞ്ഞിനു അവന്റെ ജനിതക സാമ്യമില്ലാത്ത വിദേശഭാഷ പഠിപ്പിച്ച് കൊടുത്ത് അതിലൂടെ കാര്യങ്ങൾ വിശദീകരിക്കാൻ ശ്രമിക്കുന്നു. അവന്റെ ബോധം ആ അറിവുകളെ സ്വീകരിക്കുന്നുണ്ടോ അതോ തെറ്റായിദ്ധരിക്കുകയാണോ എന്നു നാം അന്വേഷിക്കാറില്ല. അഹംബോധം കൊണ്ട് നാം നമ്മെ തന്നെ മറക്കുന്നു.

രാമനും ബാല്യത്തിൽ തന്നെ ഉപനയിക്കപ്പെട്ടു. ജാഗ്രത് ജീവനെ സൂചിപ്പിച്ചത് വഴി എല്ലാരും അതിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഓർക്കണം. വസിഷ്ഠനായിരുന്നു ഗുരു. മാമുനിയുടെ പാദാന്തികത്തിൽ ഇരുന്നു മുപ്പത്തീരായിരം ശ്ലോകങ്ങൾ ആ ജീവൻ പഠിച്ചു. വസിഷ്ഠൻ പഠിപ്പിച്ചു കൊടുത്ത പാഠങ്ങളാണു ജ്ഞാനവാസിഷ്ഠമെന്ന പേരിൽ അറിയപ്പെടുന്നത്. പഠനം കഴിഞ്ഞ് ജീവൻ തീർത്ഥാടനത്തിനു പോയി. വെറുതെ കേട്ടതു കൊണ്ടായില്ല. പഠിച്ചതെല്ലാം കാണുകയും ചെയ്താലേ മനസിലുറയ്ക്കു. തീർത്ഥാടനം അതിനുള്ള ഒരു ഉപാധിയാണു. ഇന്നല്ല, അന്നു. ഇന്നത് ആഗ്രഹങ്ങൾ പറയാനും ഈശ്വരനു കൈമടക്ക് കൊടുക്കാനും സ്ഥലവാസികൾക്ക് സമ്പത്തുണ്ടാക്കാനുമുള്ള ഒരു പരിപാടിയായിട്ടുണ്ട്. തീർത്ഥസ്ഥാങ്ങൾ സന്ദർശിച്ച് ജീവൻ മടങ്ങിയെത്തി. കാര്യഗുരുവിന്റെ നിയോഗം തീർന്നു.

അപ്പോഴേക്കും അതാ കാരണഗുരു എത്തിക്കഴിഞ്ഞു. വിശ്വാമിത്രൻ. ജീവൻ പഠിക്കുകയും കാണുകയും ചെയ്തു. പക്ഷെ അത് ഉള്ളിലുറച്ച അറിവാണൊ എന്നെങ്ങനെ അറിയും? അതിനത് പരീക്ഷിച്ചും പ്രയോഗിച്ചും നോക്കണം. അതിനായാണു വിശ്വാമിത്രൻ വന്നെത്തുന്നത്. രാമനെ പൂർണ്ണ ജ്ഞാനത്തിലേക്ക് എത്തിക്കുക എന്നതാണു കാരണഗുരുവിന്റെ ദൌത്യം. രാമൻ സ്വീകരിക്കുന്ന ഗുരുക്കന്മാർ അനവധിയാണു. ഇങ്ങനെ പലർ സഹായിച്ചെങ്കിലെ ജീവനു പൂർണ്ണതയിലെത്താൻ കഴിയു. ഭാഗവതത്തിൽ ഇരുപത്തിനാലു ഗുരുക്കന്മാരേപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. പ്രപഞ്ചത്തിൽ നിന്നു പഠിക്കാനുള്ളതിനു പുറമേ സത്തായിരിക്കുന്ന ഭഗവത്പ്രാപ്തിക്കു വേണ്ടിയും അനേകം ഗുരുക്കന്മാരെ സമീപിക്കേണ്ടി വരും. വിശ്വത്തിന്റെ മിത്രമാണു ഇപ്പോൾ എത്തിയിരിക്കുന്നത്. ഗുരു എത്തിക്കഴിഞ്ഞാൽ പിന്നെ ജീവനു പിന്തിരിയാനാവില്ല. അതു കൊണ്ടാണു ഭാരതത്തിൽ അങ്ങോട്ട് ചെന്നു ശിഷ്യനാകുന്നതിനു പ്രസക്തിയില്ലാത്തത്. ഉത്തമനെ ഗുരു കണ്ടെത്തിക്കൊള്ളും. അല്ലാതെയുള്ളവർ വെറും പണ്ഡിതന്മാരായി അവസാനിക്കുകയേ ഉള്ളു. അവർ പാണ്ഡിത്യം പുലമ്പിക്കൊണ്ട് കാലം കഴിക്കും. ‘തത്ത്വമസി‘ എന്നു ഉരുവിട്ടിട്ടോ, എഴുതിപ്പിടിപ്പിച്ചിട്ടോ കാര്യമില്ല. അതിന്റെ അർത്ഥം അനുഭവമാകണം. അതിനു ഗുരു തിരഞ്ഞെടുക്കുന്നവർ ഉണ്ടാകും. ഗുരു തീരുമാനിച്ചു കഴിഞ്ഞാൽ ജീവനു ശാരീരിക പീഢകളോ, ലൌകിക വേദനകളോ പ്രസക്തമല്ല. അതു കൊണ്ടാണു വിശ്വാമിത്രൻ എത്തിയപ്പോഴെ ദശരഥൻ ആകുലനായിത്തുടങ്ങിയത്. വിശ്വാമിത്രൻ അത് അവഗണിച്ചു കൊണ്ട് രാമനെ തന്റെയൊപ്പം യാഗരക്ഷയ്ക്കയക്കാൻ ആവശ്യപ്പെട്ടു. ശരീരം വിഷമിക്കാൻ തുടങ്ങി. അതിനെ അതിജീവിച്ചത് ജ്ഞാനം കൊണ്ടായിരുന്നു. വസിഷ്ഠൻ കാര്യങ്ങൾ പറഞ്ഞ് കൊടുത്തപ്പോൾ ശരീരത്തിന്റെ മോഹമടങ്ങി. ദശരഥൻ രാമലക്ഷ്മണന്മാരെ വിശ്വാമിത്രനൊപ്പമയച്ചു. ജാഗ്രത്-സ്വപ്നങ്ങൾ വിശുദ്ധീകരിക്കപ്പെടാൻ തുടങ്ങുന്നു. വിശ്വതൈജസന്മാർ കാരണഗുരുവിനൊപ്പം വിശ്വത്തിന്റെ മിത്രഭാവത്തിലേക്കുയരുവാനായി യാത്ര തിരിച്ചു.

ജീവൻ ആത്മീയ മാർഗ്ഗത്തിലേക്ക് തിരിയുമ്പോൾ ശാരീരികമായ പീഢകൾ ഏറെയുണ്ടാകും. എന്നാൽ ഉന്നതമായ സത്സംഗമുണ്ടെങ്കിൽ താപമടങ്ങും. വസിഷ്ഠനും വിശ്വാമിത്രനും അതിനു സഹായിച്ചു. ശരീരത്തിന്റെ പ്രസക്തിയും ജീവന്റെ അവസ്ഥയും വേണ്ടപോലെ പറഞ്ഞു കൊടുത്തപ്പോൾ ദശരഥൻ തൽക്കാലത്തേക്ക് ശാന്തനായി. പക്ഷെ പൈദാഹാദികൾ. അവ അടക്കുവാൻ പ്രയാസമാണു. അന്നവും ജലവുമില്ലാതായാൽ ജീവൻ പിടച്ചു പോകും. അത് ആത്മീയപുരോഗതിക്കു വിഘാതമാകും. അത് കണ്ടറിഞ്ഞ വിശ്വാമിത്രൻ കുമാരന്മാർക്ക് ബലയും അതിബലയും ഉപദേശിച്ചു കൊടുത്തു. അന്നവും അപും സംബന്ധിച്ചുള്ള അറിവാണത്. അത് മനസിലാക്കുന്നതോടെ ജീവനിൽ നിന്നും വിശപ്പും ദാഹവും അപ്രത്യക്ഷമായി. അങ്ങനെ ആത്മസാക്ഷാത്ക്കാരത്തിലേക്ക് നീങ്ങുന്ന ജീവൻ വലിയൊരു കടമ്പ കടന്നു. മുന്നിൽ മറ്റ് പ്രതിബന്ധങ്ങൾ ഒന്നുമില്ലെന്നു വിചാരിച്ച് ലക്ഷ്യത്തിലേക്ക്  സ്വച്ഛന്ദമായി നടക്കുമ്പോൾ കാമനകൾ ഉയർന്നു വരാൻ തുടങ്ങി. അത് ജീവനെ കൂടുതൽ ദു:ഖത്തിലേക്ക് പിടിച്ചാഴ്ത്തി. അതേക്കുറിച്ച് അടുത്ത പോസ്റ്റിൽ.

5 comments:

അശോക് കർത്താ said...

‘തത്ത്വമസി‘ എന്നു ഉരുവിട്ടിട്ടോ, എഴുതിപ്പിടിപ്പിച്ചിട്ടോ കാര്യമില്ല. അതിന്റെ അർത്ഥം അനുഭവമാകണം.

Sandeep.A.K said...

‘തത്ത്വമസി‘ എന്നു ഉരുവിട്ടിട്ടോ, എഴുതിപ്പിടിപ്പിച്ചിട്ടോ കാര്യമില്ല. അതിന്റെ അർത്ഥം അനുഭവമാകണം...
അത് നന്നായി.. വാക്കുകള്‍ക്കുള്ളില്‍ മുള്ളുകള്‍ ഒളിപ്പിച്ചു വെയ്ക്കുന്നുണ്ടോ.. അതിത്തരം ഒരു രാമകഥാ വിശകലനത്തിനു ഭൂഷണമോ..??

മേല്‍പ്പത്തൂരാന്‍ said...

ഈ കര്‍ത്താ ഒരു സംഭവം തന്നെയാണല്ലോ..ഇത്രയും കാലം കൂട്ടുകൂടിനടന്നിട്ടും ഞാന്‍ ഇന്നാ ഇതുകാണുന്നത്..!!!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

കര്‍ത്താജി ശ്രദ്ധിച്ചു വായിക്കുന്നുണ്ട്‌

(ഇതു കുറെ കൂടി നേരത്തെ തുടങ്ങാമായിരുന്നു)
" വിശ്വത്തിന്റെ മിത്രമാണു ഇപ്പോൾ എത്തിയിരിക്കുന്നത്. ഗുരു എത്തിക്കഴിഞ്ഞാൽ പിന്നെ ജീവനു പിന്തിരിയാനാവില്ല."

പിന്നെ വിശ്വാമിത്രന്‍ എന്ന വാക്കിനെ വിശ്വത്തിന്‌ അമിത്രന്‍ എന്നാണു വാഖ്യാനിച്ചു കേട്ടിരിക്കുന്നത്‌ വാല്‌മീകി തന്നെ അങ്ങനെ പറയുന്നു.

രാമന്‍ വിശ്വന്‍ എന്ന രൂപത്തില്‍ വിശ്വത്തിനു മിത്രമായവനും , അവനെ മോചിപ്പിക്കുവാന്‍ വിശ്വാമിത്രന്‍ എത്തി എന്നും ആയിരുന്നോ ആ വാചകം കൊണ്ടുദ്ദേശിച്ചത്‌?

എങ്കില്‍ അതിനൊരു അവ്യകതത തോന്നി

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

വിശ്വം മിത്രം എന്ന രണ്ടു വാക്കുകള്‍ കൂട്ടിചേര്‍ത്താല്‍ വിശ്വമിത്രം എന്നെ ആകുകയുള്ളു.
അമിത്രന്‍ ആയാലേ വിശ്വാമിത്രന്‍ ആകുകയുള്ളു

അപ്പോള്‍ ഇതിലുണ്ടായ വൈരുദ്ധ്യം മാറ്റുന്നതല്ലെ ഉത്തമം?