Saturday, July 30, 2011

രാമൻ-പരശുരാമൻ

ആത്യന്തിക ദു:ഖനിവർത്തിക്കും പരമസുഖപ്രാപ്തിക്കുമുള്ള നെട്ടോട്ടത്തിലാണു എല്ലാ ജീവനും. പക്ഷെ ചുരുക്കം പേരെ ലക്ഷ്യത്തിൽ എത്താറുള്ളു. എന്താണ് അതിനുള്ള കാരണം? രാമനേപ്പോലെ എല്ലാ ജീവനും താടകയെ വധിക്കുകയോ സുബാഹുമാരീചന്മാരെ യമിക്കുകയോ, യാഗരക്ഷ ചെയ്യുകയോ, അഹല്യക്ക് മോക്ഷം കൊടുക്കുകയോ ചെയ്യാറില്ല. വിധിപ്രകാരമുള്ള പഠനം കഴിഞ്ഞ്, പാഠങ്ങൾ മനനം ചെയ്ത്, അതിന്റെ ബലത്തിൽ കാമമടക്കി, സുഖദു:ഖങ്ങളെ സമഭാവനയോടെ കണ്ട് നിർഷ്കാമകർമ്മം അനുഷ്ടിക്കുമ്പോൾ കുണ്ഡലിനി ഉണരും. അതു കഴിഞ്ഞാൽ പ്രണവോപാസന ആരംഭിക്കാം. അപ്പോൾ ബ്രഹ്മവിദ്യ സായത്തമാകുന്നു. ബ്രഹ്മവിദ്യ കരഗതമായാൽ ഉടൻ 
                              
                               ഞാനൊഴിഞ്ഞുണ്ടോ രാമനിത്രിഭുനത്തിങ്കൽ?

എന്നു ചോദിച്ചു കൊണ്ട് ഒരു പരശുരാമൻ പ്രത്യക്ഷപ്പെട്ട് വഴിമുടക്കി നിൽക്കുന്നതു കാണാം. സാത്വികമായ അഹങ്കാരമാണത്. അതു വന്നതോ അവനവനിൽ നിന്നും. ജീവൻ ബ്രഹ്മവിദ്യയെ പ്രാപിച്ചെങ്കിലും അത് വ്യാവഹാരിക തലത്തിലേ ആയിട്ടുള്ളു. അതു കൊണ്ടാണു രാമനു, പരശുരാമ രൂപത്തിൽ അഹങ്കാരമുണ്ടായത്. താൻ ‘ജ്ഞാനി‘യാണെന്ന ഒരു ബോധം സാധന പൂർണ്ണമാകുമ്പോൾ മിക്ക സാധകരിലും രൂപമെടുക്കാറുണ്ട്. അതാണു പരശുരാമരൂപത്തിൽ ഇവിടെ സൂചിപിച്ചിരിക്കുന്നത്. വളരെ സൂക്ഷിച്ചു വേണം അത്തരം അഹങ്കാരങ്ങളെ കീഴടക്കേണ്ടത്.

രാമനിൽ തന്നെയുള്ള രാമനാണ് പരശുരാമൻ. നമ്മുടെ ഉള്ളിലേക്ക് നോക്കിയാൽ ഇത്തരം അനേകമനേകം പ്രതിദ്വന്ദികളെ കണ്ടെത്താം. ഇവരെ നാം തന്നെ സൃഷ്ടിക്കുന്നതാണു. ഓരോജീവനും അവനിൽ തന്നെയുള്ള മാനസികഭാവം കൊണ്ട് അവനെ നേരിടുന്ന ഒരു ശത്രുവിനെ സംജാതമാക്കുന്നുണ്ട്. അതിനു കീഴടങ്ങുന്നവരുടെ ജീവിതം അമ്പേ തകർന്നു പോകുന്നു. വിവേകമുള്ളവർ അതിനെ അതിജീവിക്കും. ബാഹ്യശത്രുവിനേക്കാൾ ശക്തിയുള്ളവനായിരിക്കും ആന്തരിക ശത്രു എന്നു മറക്കരുത്. ആന്തരിക ശത്രുവിനെ ഏറ്റവും ഊഷ്മളമായി വേണം കൈകാര്യം ചെയ്യേണ്ടത്:

                                 “ചൊല്ലെഴും മഹാനുഭാവന്മാരാം പ്രൌഡാത്മാക്കൾ
                                  വല്ലാതെ ബാലന്മാരോടിങ്ങനെ തുടങ്ങിയാൽ“

എന്നാണു രാമൻ ആരംഭിക്കുന്നത്. അങ്ങനെ തന്നെ വേണം താനും. ബ്രഹ്മവിദ്യ ലഭിച്ചിട്ടും ദേഹബോധം നിമിത്തം ഉണ്ടായ അഹങ്കാരത്തോടാണു ഏറ്റുമുട്ടുന്നത്. അത്തരം പോരുകൾക്ക് ശക്തികൂടും എന്നോർത്തിരിക്കുക. പണ്ടുള്ള ആളുകൾക്ക് ഇത് നന്നായി അറിയാമായിരുന്നു. അതു കൊണ്ട് തപസ്വികളായ ആളുകൾക്ക് മുന്നിൽ കുട്ടികളെ അയക്കാറില്ല. ഒരു സന്യാസിയോ, വൈദ്യനോ, പണ്ഡിതനോ കടന്നു വന്നാൽ കുട്ടികൾ മുറ്റത്തു കളിച്ചു കൊണ്ട് നിൽക്കുകയാണെങ്കിൽ “അകത്തു പോ....” എന്നു പറഞ്ഞ് ഓടിച്ചു വിടും. ബഹുമാനം കൊണ്ടാണെന്നു ഈ ജ്ഞാനികൾ വിചാരിക്കും. കുട്ടികൾക്ക് രാമനെപ്പോലെ പറയാനറിയില്ലല്ലോ. അവരെന്തെങ്കിലും പറഞ്ഞ് ജ്ഞാനിക്ക് ഇഷ്ടമാകാതെ പോയാൽ അവർ വാക്കുകൾ കൊണ്ടോ ഭാവങ്ങൾ കൊണ്ടോ കുഞ്ഞുങ്ങളൂടെ മനസിനേ തകർത്തു കളഞ്ഞാലോ എന്നു ഭയന്നാണവരെ അകത്തേക്കോടിക്കുന്നത്. ഇന്ന് അതാണോ സ്ഥിതി. പാദനമസ്കാരത്തിനും, എഴുത്തിനിരുത്താനും, ജാതകം നോക്കാനും കുട്ടികളേയും കൊണ്ട് നേരിട്ട് ചെല്ലുകയല്ലെ? തങ്ങൾ സമീപിക്കുന്നവരുടെ നിലവാരമെന്താണെന്നു ആരും വിലയിരുത്താറില്ല. അതുകൊണ്ട് വളരെയധികം ദൂഷ്യങ്ങൾ സമൂഹത്തിൽ ഉണ്ടാകുന്നുമുണ്ട്.

സാത്വികാഹങ്കാരവും ബ്രഹ്മോന്മുഖനായ ജീവനും തമ്മിൽ ഏറ്റുമുട്ടുന്നു. പരശുരാമഭാവത്തിലുള്ള രാമനും ശ്രീരാമചന്ദ്രഭാവത്തിലുള്ള രാമനും. സാത്വികാഹങ്കാരത്തേയും ജയിച്ചു കഴിയുമ്പോൾ ജീവൻ അയോദ്ധ്യയിലേക്ക് പ്രവേശിക്കുന്നു. അയോദ്ധ്യ എന്നാൽ യുദ്ധമില്ലാത്ത ഇടം എന്നാണു അർത്ഥം. സർവ്വയുദ്ധങ്ങളുമടങ്ങി സ്ഥിതപ്രജ്ഞാവസ്ഥയെ പ്രാപിക്കുന്ന സ്ഥലമാണു അയോദ്ധ്യ. അയോദ്ധ്യയിൽ ജനിച്ച് (വ്യവഹാരാവസ്ഥയിൽ), അറിവ് സമ്പാദിച്ച്, തപസുചെയ്ത് ബ്രഹ്മവിദ്യയെ നേടി, സാത്വികാഹങ്കാരമടക്കി വീണ്ടും അയോദ്ധ്യയിൽ എത്തിയിരിക്കുകയാണു ജീവൻ. അവിടെ തുടരാൻ ജീവനു ആഗ്രഹമുണ്ടെങ്കിലും അതിനുള്ള പക്വതയായിട്ടില്ല. പരോക്ഷമാ‍യ ജ്ഞാനത്തെ അപരോക്ഷാനുഭൂതിയിലേക്ക വളർത്തിയാൽ മാത്രമേ സ്ഥിതപ്രജ്ഞാവസ്ഥയിൽ തുടരാനാവു. പക്ഷെ പ്രാ‍രബ്ധങ്ങളും വാസനകളും ജീവനെ കാത്തുനിൽ‌പ്പുണ്ട്. കുറേക്കാലം അവ ഒഴിഞ്ഞു നിന്നെങ്കിലും തീരെ വിട്ടുപോയിരുന്നില്ല. രാമൻ രാജ്യകാര്യങ്ങൾ നോക്കി കുറേക്കാലം പിതാവിനോടും, മാതാക്കളോടും സീതയോടും ഒപ്പം സുഖമായി വസിച്ചു. അപ്പോഴാണു ദശരഥൻ പട്ടാഭിഷേകത്തിനുള്ള തീരുമാനമെടുക്കുന്നത്.

ഉടൻ മന്ഥരയെത്തി. വാസനയാണു മന്ഥര. വാസന ചെന്നു ചേരുന്നതോ പ്രാരബ്ധത്തോടും. അതു കൊണ്ടാണു മന്ഥര കൈകേകിയുടെ തോഴിയാവുന്നത്. പ്രാരംബ്ധമാണു കൈകേകി.

പ്രാരബ്ധം തെളിയുകയും വാസന പ്രബലമാവുകയും ചെയ്തപ്പോൾ പ്രാജ്ഞ-തുരീയന്മാർ മറയ്ക്കപ്പെട്ടു. ഭരത ശത്രുഘ്നന്മാർ മാതുലന്റെ കൊട്ടാരത്തിലേക്ക് പോയി. പ്രാജ്ഞ-തുരീയന്മാരേയാണല്ലോ ഭരത ശത്രുഘ്നന്മാരെ കൊണ്ട് ഉദ്ദേശിക്കുന്നത്. രാമൻ തിരിച്ചെത്തി കുറേനാൾ കഴിഞ്ഞിട്ടാണവർ കേകയത്തിലേക്ക് പോകുന്നത്. സംസാരബന്ധം വളരുന്ന കാലയളവു കാണിക്കാനാണീങ്ങനെ പറഞിരിക്കുന്നത്. സംസാരബന്ധത്തിന്റെ ഫലം വാസനയുടെ വളർച്ചയാണു. കേകേയം എന്നാൽ കർമ്മപ്രേരിതമായ സ്ഥലം. കർമ്മത്തിന്റെ ഏറ്റവും കൂടിയ അവസ്ഥയുള്ള സ്ഥലമാണു കേകേയം. അതിന്റെ പ്രതിരൂപമാണു കൈകേകി. ഇപ്പോൾ ഏതാണ്ട് എല്ലാം പൂർണ്ണമായി. ബ്രഹ്മവിദ്യാസമേതനായ ജീവൻ പ്രാരബ്ധങ്ങളിൽ പെട്ട് വാസനകളാൽ പ്രേരിതനായി സ്ഥിതപ്രജ്ഞാവസ്ഥ വിട്ടുപോകാൻ തുടങ്ങുകയാണു. ഇനി കൂടുതൽ തപോബലം നേടിയെങ്കിലെ സ്വസ്ഥനായി ഇരിക്കാൻ കഴിയു. വിച്ഛിന്നാഭിഷേകം അതിനുള്ള നിമിത്തമാകുന്നത് തുടർന്നു കാണാം.

2 comments:

അശോക് കർത്താ said...

അയോദ്ധ്യ എന്നാൽ യുദ്ധമില്ലാത്ത ഇടം എന്നാണു അർത്ഥം. സർവ്വയുദ്ധങ്ങളുമടങ്ങി സ്ഥിതപ്രജ്ഞാവസ്ഥയെ പ്രാപിക്കുന്ന സ്ഥലമാണു അയോദ്ധ്യ.

Sandeep.A.K said...

"പരോക്ഷമാ‍യ ജ്ഞാനത്തെ അപരോക്ഷാനുഭൂതിയിലേക്ക വളർത്തിയാൽ മാത്രമേ സ്ഥിതപ്രജ്ഞാവസ്ഥയിൽ തുടരാനാവു."